നിലയ്ക്കലില്‍ മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ എസ്ഐയെ ഡ്യൂട്ടിയില്‍നിന്നു മടക്കി അയച്ചു
1487202
Sunday, December 15, 2024 4:28 AM IST
ശബരിമല: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ എസ്ഐയെ മാതൃ യൂണിറ്റിലേക്ക് മടക്കി അയച്ചു. വെള്ളിയാഴ്ച രാത്രി നിലയ്ക്കല്‍ - പ്ലാപ്പള്ളി റൂട്ടില്‍ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എംഎസ്പി യൂണിറ്റിലെ എസ്ഐ ബി. പത്മകുമാറിനെയാണ് ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ചതായി കണ്ടെന്ന പരാതിയെത്തുടര്‍ന്ന് മടക്കിയയച്ചത്. രാത്രി 11.30 ഓടെയാണ് ഇയാള്‍ നിലയ്ക്കലിലെ ഹോട്ടലില്‍ ബഹളമുണ്ടാക്കുന്നതായി പരാതി ഉയര്‍ന്നത്.
വിവരമറിഞ്ഞ സ്പെഷല്‍ ഓഫീസര്‍ പ്രജീഷ് തോട്ടത്തില്‍, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡിവൈഎസ്പിയെ അയച്ച് അന്വേഷണം നടത്തുകയും, എസ്ഐയെ നിലയ്ക്കല്‍ ഗവൺമെന്റ് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയുമായിരുന്നു.
ഇയാള്‍ മദ്യപിച്ചതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് എംഎസ്പിയിലേക്ക് രാത്രി തന്നെ മടക്കി അയയ്ക്കുകയും ചെയ്തു. പരാതിക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. എസ്ഐയ്ക്കെതിരേ നടപടിക്കു ശിപാര്‍ശ ചെയ്തു സ്പെഷല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
മദ്യനിരോധനം നിലനില്‍ക്കുന്ന സ്ഥലത്ത്, ഇവയുടെ ഉപയോഗം, വില്പന തുടങ്ങിയവ തടയുന്നതിനുള്ള നിയമനടപടികള്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് പോലീസുകാരുടെ മദ്യ ഉപയോഗം. ഒരാഴ്ച മുമ്പ് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും മദ്യലഹരിയില്‍ കുടുങ്ങിയിരുന്നു.