ശബരിമലയില്‍ മഴയുടെ തോത് അറിയാന്‍ സംവിധാനം
1487193
Sunday, December 15, 2024 4:28 AM IST
ശബരിമല: ശബരിമലയില്‍ ഇത്തവണ കാലാവസ്ഥാ നിരീക്ഷണം ശക്തം. ഒറ്റപ്പെട്ടതും ശക്തമായതുമായ മഴക്കെടുതികള്‍ക്കു കാരണമായേക്കാമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ കൂടുതല്‍ മഴമാപിനികള്‍ എത്തിച്ചും മുന്നറിയിപ്പുകള്‍ നല്‍കിയും നിരീക്ഷണം ശക്തമാക്കിയത്.
ശബരിമലയില്‍ ഇതാദ്യമായി മൂന്ന് മഴമാപിനികളാണ് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. പ്രാദേശികമായി ലഭിക്കുന്ന മഴയുടെ അളവ് കൃത്യമായി അറിയാനും അതിനനുസരിച്ച് മുന്‍കരുതലുകള്‍ നടപടികള്‍ സ്വീകരിക്കാനും മഴമാപിനികള്‍ സഹായകമാണ്.
മണ്ഡലകാലം തുടങ്ങിയ നവംബര്‍ 15നാണ് സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലുമായി സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അഥോറിറ്റികള്‍ സംയുക്തമായി ഓരോ മഴമാപിനി വീതം സ്ഥാപിച്ചത്. സന്നിധാനത്ത് പാണ്ടിത്താവളത്തിലും പമ്പയില്‍ പോലീസ് മെസിനു സമീപവുമാണ് മഴമാപിനികള്‍ സ്ഥാപിച്ചിട്ടുള്ളത്. നിലയ്ക്കലിലാണ് മൂന്നാമത്തെ മഴമാപിനി.
ഓരോ മൂന്നു മണിക്കൂറിലും ഇടവിട്ട് ബേസ് സ്റ്റേഷനുകളില്‍നിന്നു മഴയുടെ അളവ് എടുക്കുന്നതിനാല്‍ ശബരിമലയില്‍ പെയ്യുന്ന മൊത്തം മഴയുടെ കൃത്യമായ രേഖപ്പെടുത്തല്‍ നടക്കുന്നു. ഒരു ദിവസത്തെ മഴയുടെ അളവ് കണക്കാക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് രാവിലെ 8.30 മുതല്‍ പിറ്റേന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ മഴയാണ്.
ഏറ്റവും കൂടിയ മഴ 13നു പുലര്‍ച്ചെ
ഇതേവരെയുള്ള കണക്കെടുത്താല്‍ സന്നിധാനത്ത് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് ഡിസംബര്‍ 13 പുലര്‍ച്ചെ 5.30നാണ് - 27 മില്ലിമീറ്റര്‍. ഇതേ ദിവസം, ഇതേ സമയം പെയ്ത 24.2 മില്ലിമീറ്റര്‍ മഴയാണ് പമ്പയിലെ ഏറ്റവും കൂടിയ മഴ.
മഴയുടെ അളവെടുക്കാനുള്ള സന്നിധാനത്തെ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ (ഇഒസി) ഏഴു പേരും പമ്പയില്‍ ആറു പേരും നിലയ്ക്കലില്‍ ആറു പേരും 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു. ഇതിനു പുറമേ കളക്ടറേറ്റില്‍ രണ്ടു പേരുമുണ്ട്. പത്തനംതിട്ട ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ എഡിഎം അരുണ്‍ എസ്. നായരുടെ നേതൃത്വത്തില്‍ മഴയുടെ അളവ് പ്രതിദിനം നിരീക്ഷിച്ചുവരുന്നു.
സീതത്തോട് വെതര്‍ സ്റ്റേഷനും സജീവമായി
ശബരിമലയില്‍ മാത്രം പെയ്യുന്ന മഴ കൃത്യമായി രേഖപ്പെടുത്താന്‍ ഇതേവരെ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. ശബരിമലയിലേക്ക് മാത്രമായി മഴമാപിനികള്‍ വേണമെന്ന് ഏറെക്കാലമായി ആലോചനയില്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണയാണ് സ്ഥാപിക്കാനായത്. മുമ്പ് ആശ്രയിച്ചിരുന്ന സീതത്തോട്ടിലെ വെതര്‍ സ്റ്റേഷന് താത്കാലികമായി പ്രവര്‍ത്തനരഹിതമായതും മഴമാപിനികള്‍ ഉടന്‍ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു.
മൂന്നിടത്തുനിന്നും ലഭിക്കുന്ന മഴയുടെ അളവ് പ്രതികൂല കാലാവസ്ഥയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വളരെയധികം ഉപകാരപ്രദമാണെന്ന് എഡിഎം അരുണ്‍ എസ്. നായര്‍ പറഞ്ഞു. സീതത്തോട്ടിലെ വെതര്‍ സ്റ്റേഷനും ഇതിന്റെ ഭാഗമായി പ്രവര്‍ത്തനക്ഷമമായെന്നും എഡിഎം പറഞ്ഞു.