റാന്നിയുടെ ഘനഗംഭീര ശബ്ദം ഓര്‍മകളിലേക്ക്
1487187
Sunday, December 15, 2024 4:16 AM IST
റാന്നി: റാന്നിയിലെ പൊതുപരിപാടികള്‍ക്കുവേണ്ടി പതിറ്റാണ്ടുകള്‍ മുഴങ്ങിക്കേട്ട ശബ്ദത്തിനുടമ ഇനി ഓര്‍മകളിലേക്ക്. വിളംബരം സൗണ്ട് ഉടമ സി.എല്‍. മാത്യുവെന്ന ലാല്‍ വിളംബരമാണ് ഇനി റാന്നിയുടെ ഓര്‍മകളിലേക്ക് മായുന്നത്.
ഒരാഴ്ച മുമ്പ് മന്ദമരുതിക്കു സമീപം പൊടിപ്പാറയിലുണ്ടായ സ്കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ലാല്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംസ്കാരം ഇന്ന് 9.30ന് റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡിലെ ശുശ്രൂഷയ്ക്കുശേഷം സഭാ സെമിത്തേരിയില്‍.
ശബ്ദ-വെളിച്ച മേഖലയില്‍ ലാല്‍ വിളംബരം പത്തനംതിട്ട ജില്ലയിലാകമാനം അറിയപ്പെട്ടു. തന്റെ ശബ്ദഗാംഭീര്യമാണ് ലാലിനെ വേറിട്ടതാക്കിയത്. പൊതുപരിപാടികള്‍ക്കുവേണ്ടി ലാല്‍ നടത്തുന്ന അനൗണ്‍സ്മെന്റുകള്‍ ഏവരെയും ആകര്‍ഷിക്കുമായിരുന്നു.
തന്റെ സ്ഥാപനത്തിന്റെ പേരു തന്നെ അന്വര്‍ഥമാക്കുന്ന തരത്തിലാണ് ലാലിനെ പൊതുസമൂഹം കണ്ടത്. സ്റ്റുഡിയോകളിലെ പരസ്യ റിക്കാര്‍ഡുകള്‍ക്കും ലാലിന്റെ ശബ്ദം പ്രിയപ്പെട്ടതായി. തെരഞ്ഞെടുപ്പു കാലയളവില്‍ ലാല്‍ വിളംബരത്തിന്റെ ശബ്ദത്തില്‍ റിക്കാര്‍ഡ് ചെയ്ത് ഉപയോഗിക്കാന്‍ സ്ഥാനാര്‍ഥികളടക്കം ശ്രദ്ധിച്ചിരുന്നു. നല്ല ഒരു ഗായകനായും ലാല്‍ വിളംബരം തിളങ്ങി.
ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ സെക്രട്ടറിയായിരുന്നു. നിലവില്‍ റാന്നി മേഖലാ സെക്രട്ടറിയാണ്. ഭാര്യ: അനിത. മക്കള്‍: ലീന, അഞ്ജു. മരുമക്കള്‍: വിനീഷ്, ഏലിയാസ്.