മുനമ്പത്തെ ജനങ്ങളുടെ അവകാശസമരത്തിനു പിന്തുണയുമായി തിരുവല്ല അതിരൂപത
1487188
Sunday, December 15, 2024 4:16 AM IST
തിരുവല്ല: മുനമ്പത്തെ 600 കുടുംബങ്ങളുടെ അവകാശസമരത്തിന് മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പിന്തുണ പ്രഖ്യാപിച്ചു. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട 600 ദരിദ്രകുടുംബങ്ങളുടെ മുറവിളിയാണ് മുനമ്പത്ത് മുഴങ്ങുന്നതെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
എറണാകുളം ജില്ലയിലെ മുനമ്പത്തു വീടുവച്ചു പാര്‍ക്കുകയും മത്സ്യബന്ധനം പ്രധാന തൊഴിലാക്കുകയും ചെയ്തിരിക്കുന്നവരുടെ ഭൂമി ഫറൂക്ക് കോളജിന്റെ വകയാണെന്നും ഇത് വഖഫ് ബോര്‍ഡിന്റെ ആസ്തിയാണെന്നുമുള്ള അവകാശവാദം ഒരിക്കലും അംഗീകരിക്കാനാവില്ല. സ്വന്തം പേരില്‍ വിലകൊടുത്ത് സ്ഥലം വാങ്ങി തലമുറകളായി പാര്‍ത്തുവരുന്ന 600 കുടുംബങ്ങളുടെയും ജീവിതം വഴിമുട്ടിയിരിക്കുകയാണെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
ഇവര്‍ സ്വന്തം ഭൂമിക്കു വേണ്ടി നടത്തുന്ന പ്രക്ഷോഭത്തില്‍ പാസ്റ്ററല്‍ കൗണ്‍സിലും പങ്കുചേരുന്നു. 600 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡിന്റെ അധീനതയിലുള്ളതാണെന്നും വ്യക്തിപരമായ അവകാശങ്ങള്‍ താമസക്കാര്‍ക്ക് ഇല്ലെന്നുമാണ് വഖഫ് ബോര്‍ഡ് റവന്യു വകുപ്പിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള ഈ പ്രദേശത്തെ താമസക്കാര്‍ക്ക് സ്വന്തം ഭൂമി അത്യാവശ്യ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പോലും കഴിയുന്നില്ല.
ഭൂമിയുടെ അവകാശവാദത്തില്‍നിന്ന് വഖഫ് ബോര്‍ഡ് പിന്മാറണമെന്നും ഈ ജനത നേരിടുന്ന ആശങ്കകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടിറങ്ങണമെന്നും മതമൈത്രിക്ക് കോട്ടം സംഭവിക്കുന്ന സാഹചര്യം സംജാതമാകാതിരിക്കാന്‍ സമുദായനേതാക്കളുടെ അടിയന്തര ഇടപെടലുണ്ടാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
എയ്ഡഡ് സ്കൂള്‍ സ്ഥിരംനിയമനം റദ്ദാക്കാനുള്ള നിര്‍ദേശം പിന്‍വലിച്ച സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് അംഗീകാരം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഭിന്നശേഷി സംവരണം നടപ്പാക്കാത്ത സ്കൂളുകള്‍ക്കാണ് ഉത്തരവ് ബാധകമെങ്കിലും സംസ്ഥാനത്തെ ഭൂരിപക്ഷം എയ്ഡഡ് സ്കൂളുകളിലും ഭിന്നശേഷി നിയമനം പൂര്‍ത്തിയാകാത്തതിനാല്‍ സര്‍ക്കാര്‍ തീരുമാനം ആയിരക്കണക്കിനു പേരുടെ ഭാവി അവതാളത്തിലാക്കും.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ സ്തംഭനാവസ്ഥയിലാകുന്നത് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി. അശാസ്ത്രീയവും വികലവും അപ്രായോഗികവുമായ നടപടിയില്‍ നിന്ന് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും പിന്മാറണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം തിരുവല്ല ശാന്തിനിലയത്തില്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവര്‍ ഇന്നു നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും എന്ന വിഷയത്തില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് ക്ലാസ് നയിച്ചു. ഫാ. ജോസ് മണ്ണൂര്‍ കിഴക്കേതില്‍, ഫാ. സന്തോഷ് അഴകത്ത്, ഫാ. മാത്യു പൊട്ടുകുളം, സിസ്റ്റര്‍ കൊച്ചുത്രേസ്യ, ഡോ. വര്‍ഗീസ് കെ. ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്ക് അതിരൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ഐസക് പറപ്പള്ളില്‍ നേതൃത്വം നല്കി.
പുനരൈക്യ ശതാബ്ദിയിലേക്ക് നീങ്ങുന്ന മലങ്കര കത്തോലിക്കാ സഭയിലെ തിരുവല്ല അതിരൂപത ഏറ്റെടുത്തു പൂര്‍ത്തിയാക്കുന്ന 500ഓളം ഭവനങ്ങളുടെ നിർമാണത്തിന്റെ ഒന്നാം ഘട്ടത്തില്‍ നൂറോളം ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിവരുന്നതായി കണ്‍വീനര്‍ ഫാ. സന്തോഷ് അഴകത്ത് അറിയിച്ചു.