ക്രിസ്മസിനെ വരവേൽക്കാൻ നാടെങ്ങും വിവിധ പരിപാടികള്‍
1487183
Sunday, December 15, 2024 4:16 AM IST
സാന്റാ ഹാര്‍മണി 18നു തിരുവല്ലയില്‍
തിരുവല്ല: സ്നേഹം മണ്ണില്‍ മനുഷ്യനായി പിറന്നതിന്റെ ഓര്‍മയ്ക്കായി സാമൂഹിക മതില്‍ക്കെട്ടുകള്‍ക്കപ്പുറം മനുഷ്യനെ ഒരുമിപ്പിക്കുന്ന ആഘോഷങ്ങള്‍ക്ക് പുതിയ നിറംപകര്‍ന്ന് സാന്റാ ഹാര്‍മണി-2024 18ന് തിരുവല്ലയില്‍. 2500ലധികം ക്രിസ്മസ് പപ്പാമാര്‍ പങ്കെടുക്കുന്ന സന്ദേശറാലിയാണ് പ്രധാനം. തിരുവല്ല പൗരാവലിയുടെയും വിവിധ ആതുരാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വ്യാപാരി വ്യവസായികളുടെയും സംയുക്താഭിമുഖ്യത്തിലാണ് സാന്റാ ഹാര്‍മണി 2024.
ഉച്ചകഴിഞ്ഞ് 3.30ന് എംസി റോഡില്‍ രാമന്‍ചിറയില്‍ ബൈപാസിനു സമീപം പ്രത്യേകം തയാറാക്കിയ വേദിയില്‍ പ്രാര്‍ഥനാഗാനത്തോടെ സമ്മേളനം ആരംഭിക്കും. മാത്യു ടി. തോമസ് എംഎല്‍എ സാന്റാ ഹാര്‍മണി ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ സന്ദേശറാലി ഫ്ളാഗ് ഓഫ് ചെയ്യും. ഇരുചക്ര വാഹനറാലിയുടെ പിന്നിലായി വിളംബര വാഹനവും അതിനു പിന്നിലായി വിദ്യാര്‍ഥികളുടെ റോളര്‍ സ്കേറ്റിംഗും അണിനിരക്കും.
പ്രധാന ക്രിസ്മസ് പപ്പായെ വഹിക്കുന്ന വില്ലുവണ്ടിയും അതിനു പിറകിലായി ബാനറും ചെണ്ടമേളവും നാലു വരിയിലായി 2500ലധികം പപ്പാമാരും പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളും നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളുമായി റാലി നഗരമധ്യത്തിലൂടെ സെന്റ് ജോണ്‍സ് കത്തീഡ്രല്‍ അങ്കണത്തില്‍ എത്തിച്ചേരും.
ഏറ്റവും പിറകിലായി ജനപ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും പൊതുസമൂഹവും പ്രത്യേക വേഷവിധാനത്തോടെ അണിനിരക്കും. സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പള്ളിയുടെ അങ്കണത്തില്‍ സമാപിക്കുന്ന റാലിയെ കരിമരുന്നു കലാപ്രകടനത്തോടെ വരവേല്‍ക്കും. തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത സമാപനസന്ദേശം നല്‍കും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും.
സംഘാടക സമിതി രക്ഷാധികാരിയായി മാത്യു ടി. തോമസ് എംഎല്‍എയും സഹ രക്ഷാധികാരികളായി നഗരസഭാ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ്, വൈസ് ചെയര്മാന് ജിജി വട്ടേശേരിയും ചെയര്‍മാനായി ആര്. ജയകുമാറും നേതൃത്വം നല്‍കും. കടകളില്‍ അലങ്കാരങ്ങള്‍ ക്രമീകരിക്കുകയും മികച്ച അലങ്കാരങ്ങള്‍ നടത്തുന്ന കടകള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യും.
പരിപാടിയുടെ മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം മെഡിക്കല്‍ മിഷന് ആശുപത്രി സിഇഒ ബെന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാന് ആര്. ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രി സിഇഒ റവ.ഡോ. ബിജു പയ്യംപള്ളില്‍, ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഫൈനാന്‍സ് മാനേജര്‍ ശ്യാം കൃഷ്ണന്, ഫാ. എബി വടക്കുംതല, എം. സലിം, കെ. പ്രകാശ് ബാബു, സജി ഏബ്രഹാം, ജിജോ മാത്യു, ബാബു കല്ലുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.