റബര്‍ത്തൈ ഉത്പാദനത്തിലെ പുത്തന്‍ സാങ്കേതികവിദ്യ: മലയാളി ശാസ്ത്രജ്ഞയ്ക്ക് ചൈനയുടെ അംഗീകാരം
1487189
Sunday, December 15, 2024 4:16 AM IST
പത്തനംതിട്ട: ജീന്‍ എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഹോമോസൈഗസ് റബര്‍ത്തൈകള്‍ ഉത്പാദിപ്പിച്ചതിനു മലയാളി ശാസ്ത്രജ്ഞയ്ക്ക് ചൈനീസ് സര്‍ക്കാരിന്റെ അംഗീകാരം. കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയും ചൈനീസ് റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയുമായ ഡോ. ജിനു ഉദയഭാനുവിനാണ് അംഗീകാരം ലഭിച്ചത്.
ഒരു ടിഷ്യുവില്നിന്ന് നിലവില്‍ ജനിതക വ്യതിയാനം വരാത്ത 70 റബര്‍ത്തൈകള്‍ വരെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ജിനു വികസിപ്പിച്ചെടുത്തത്. ഈ കണ്ടുപിടിത്തത്തിന് 2023-24 വര്‍ഷം ചൈനീസ് നാഷണല്‍ പേറ്റന്റ് ലഭിച്ചിരുന്നു. നിലവില്‍ ചൈനയിലെ ഹൈനാന്‍ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയാണ്.
ഒരു ടിഷ്യുവില്നിന്നു നിലവില്‍ ജനികത വ്യതിയാനം വരാത്ത 20 റബര്‍ത്തൈകള്‍ മാത്രമാണ് ഉത്പാദിപ്പിച്ചിരുന്നത്. ഈ പ്രശ്നം ചൈനീസ് റബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍മാരുടെ മുമ്പാകെ എത്തുകയും കൂടുതല്‍ ഗവേഷണങ്ങള്‍ക്കുള്ള നിര്‍ദേശം അവര്‍ ജിനുവിന്റെ മുമ്പാകെ വയ്ക്കുകയുമായിരുന്നു.
ജിനു നടത്തിയ ഗവേഷണങ്ങള്‍ക്കുശേഷം ജനിതക വ്യതിയാനം വരാത്തതും പൂക്കുകയും കായ്ക്കുകയും ചെയ്യാത്തതുമായ അത്യുത്പാദന ശേഷിയുള്ളതും കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാനും രോഗപ്രതിരോധശേഷി കൂടുതലുള്ളതുമായ 70 റബര്‍ ത്തൈ വരെ ഉത്പാദിപ്പിച്ചു.
അങ്ങാടിക്കല്‍ പുതുശേരില്‍ പരേതനായ പി.കെ. ഉദയഭാനുവിന്റെയും (വിമുക്തഭടന്) റിട്ട. പ്രഥമാധ്യാപിക സി.കെ. ഓമനയുടെയും മകളാണ് ഡോ. ജിനു. കോഴിക്കോട് കക്കോടി സ്വദേശി ലിജീഷാണ് ഭര്‍ത്താവ്.