ശാരീരിക പരിമിതികളുള്ളവർക്ക് കൈത്താങ്ങായി മന്ത്രി
1486903
Saturday, December 14, 2024 4:16 AM IST
റാന്നി: അരയ്ക്കുതാഴെ തളര്‍ന്ന് വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ചെറുകോല്‍ സ്വദേശി മറിയാമ്മ ജോര്‍ജ്, വിധവയും 50 ശതമാനം ഭിന്നശേഷിക്കാരിയുമായ പഴവങ്ങാടി ചേത്തക്കല്‍ സ്വദേശി സന്ധ്യ എന്നിവര്‍ പരിമിതികളുടെ അതിജീവിതരാണ്.
മറിയാമ്മ അദാലത്തില്‍ എത്തിയത് മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ്. വീട്ടിലേക്കുള്ളവഴി അയല്‍വാസികള്‍ മുള്ളുവേലികെട്ടി തടസപ്പെടുത്തി. സര്‍ക്കാര്‍ തുണയായപ്പോള്‍ ലഭിച്ച ലൈഫ് പദ്ധതി പ്രകാരമുള്ള വീട്ടില്‍ താമസിക്കവേയാണ് വഴി അടഞ്ഞത്.
മനുഷ്യാവകാശ പ്രശ്നമായിക്കണ്ട് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട കക്ഷികളെ വിളിച്ച് മധ്യസ്ഥ ചര്‍ച്ച നടത്തി ഉടന്‍ പരിഹാരം കാണാനാണ് മന്ത്രി വീണാ ജോര്‍ജിന്റെ പരിഹാര നിര്‍ദേശം. സന്ധ്യയുടെ പരാതി ബന്ധുവിനെതിരേയായിരുന്നു. ശുചിമുറി മാലിന്യം ഒഴുക്കിവിടുന്നത് വീട്ടിലേക്കാണെന്ന പരാതികളിൽ നടപടി ആവശ്യപ്പെട്ടായിരുന്നു അദാലത്തിലെത്തിയത്.
പഞ്ചായത്തിരാജ് ആക്ട് പ്രകാരമുള്ള കുറ്റത്തിന് ഉടന്‍ നടപടിയെടുക്കാന്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്കി. പൊതുജനാരോഗ്യ ആക്ട് അനുസരിച്ചുള്ള നടപടിയെടുക്കാന്‍ ഡിഎംഒയെയും ചുമതലപ്പെടുത്തി. ലഭിച്ച പരാതി പരിഗണിക്കാന്‍ വെച്ചൂച്ചിറ എസ്എച്ച്ഒയ്ക്കും നിര്‍ദേശം നല്കി.