സന്നിധാനത്ത് കൊപ്രാക്കളത്തിൽ തീ; പരിഭ്രാന്തി പരത്തി
1487191
Sunday, December 15, 2024 4:16 AM IST
ശബരിമല: സന്നിധാനത്തിനു സമീപം കൊപ്രാക്കളത്തില്‍ കൊപ്രസൂക്ഷിച്ച ഒരു ഷെഡ്ഡില്‍നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പടര്‍ത്തിയെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ അഗ്നിശമന വിഭാഗം കെടുത്തി അപകടമൊഴിവാക്കി.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കൊപ്രാഷെഡില്നിന്ന് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി ആദ്യം വെള്ളം ചീറ്റിയും പിന്നീട് ഫോം ഉപയോഗിച്ചും പുക കെടുത്തി.
അഗ്നിശമനസേന ജില്ലാ മേധാവിയും സന്നിധാനത്തെ സ്പെഷല്‍ ഓഫീസറുമായ കെ.ആര്. അഭിലാഷ് നേതൃത്വം നല്കി. എഡിഎം അരുണ്‍ എസ്. നായര്‍, പോലീസ് സ്പെഷല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
കൊപ്ര കത്തിത്തുടങ്ങുന്നതിന് മുന്‍പ് തന്നെ അണയ്ക്കാന്‍ സാധിച്ചതായി എഡിഎം പറഞ്ഞു. രണ്ടു ദിവസം നല്ല മഴയായതിനാല്‍ കൊപ്ര കരാര്‍ എടുത്തവര്‍ ഷെഡില്‍ കുറെയധികം കൊപ്ര സൂക്ഷിച്ചിരുന്നു. ഇതില്‍ നിന്നാണ് പുക ഉയര്‍ന്നത്. അളവില്‍ കൂടുതല്‍ കൊപ്ര സൂക്ഷിക്കരുതെന്ന് അദ്ദേഹം കരാറുകാര്‍ക്ക് നിര്‍ദേശം നല്കി.