പാടത്ത് തേക്കുമരങ്ങള്‍ ഉള്‍പ്പെടെ മുറിച്ചു കടത്തിയ നിലയില്‍
1487190
Sunday, December 15, 2024 4:16 AM IST
കോന്നി: വനം ഡിവിഷനിലെ നടുവത്തുംമുഴി റേഞ്ചില്‍ പാടം സ്റ്റേഷന് പരിധിയിലുള്ള വനത്തില്‍ നിന്നും തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചു കടത്തിയ നിലയില്‍. കല്ലേലി ഹാരിസണ്‍ എസ്റ്റേറ്റ് അതിര്‍ത്തിയില്‍, വനമേഖലയില്‍ നിന്നാണ് നിരവധി മരങ്ങള്‍ വ്യാപകമായി മുറിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങളുടെ പഴക്കമുള്ള തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങളുടെ മുറിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. പല മരക്കുറ്റികളും കത്തിച്ച നിലയിലും കാണപ്പെട്ടു. മരക്കുറ്റികള്‍ക്ക് പഴക്കം വരാനും പെട്ടെന്ന് ദ്രവിച്ചു പോകാനും പഞ്ചസാര, മെര്‍ക്കുറി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കത്തിച്ചതാകാമെന്നും സംശയമുണ്ട്.
നിലവില്‍ മരം മുറിച്ചിരിക്കുന്നത് റിസര്‍വ് ഭൂമിയില്‍ നിന്നാണ്. ഹാരിസണ്‍ മലയാളത്തിന്റെ എസ്റ്റേറ്റ് ഭൂമിയോടു ചേര്‍ന്നാണ് ഈ ഭാഗം. വനം നിയമം അനുസരിച്ച് വനം ഭൂമിയിലേക്ക് അനുവാദമില്ലാതെ കടക്കുകയോ എന്തെങ്കിലും ഒരു വസ്തു ഭൂമിയില്‍നിന്നു കൊണ്ടുപോവുകയോ ചെയ്യാന്‍ പാടുള്ളതല്ല.
ഇതുപ്രകാരം വനഭൂമിയില്‍നിന്ന് ഒരു മരംപോലും മുറിച്ചുകൊണ്ട് പോകാന്‍ കഴിയില്ല. 30 സെന്റിമീറ്ററില്‍ കൂടുതല്‍ വണ്ണമുള്ള മരം പൂര്‍ണവളര്‍ച്ചയെത്തിയ മരമായിട്ടു തന്നെയാണ് കണക്കാക്കുന്നതും. ഈ സാഹചര്യത്തിലാണ് പൂര്‍ണ വളര്‍ച്ച എത്തിയ നിരവധി മരങ്ങള്‍ വനഭൂമിയില്‍നിന്നു മുറിച്ചുമാറ്റിയത്.
എന്നാല്‍, വനഭൂമിയില്‍നിന്നു മരം മുറിച്ചുകൊണ്ടുപോകാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ഇതുവരെയും അങ്ങനെ മരം മുറിച്ചു കൊണ്ടുപോയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കൃത്യമായി പരിശോധനകള്‍ നടത്താറുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വനഭൂമിയില്‍നിന്നു മരങ്ങള്‍ മുറിച്ചു കൊണ്ടു പോയത് ഗൗരവകരമായ വിഷയമാണെന്ന് പശ്ചിമഘട്ട സംരക്ഷണസമിതി ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ പറഞ്ഞു. വനംവകുപ്പിന്റെ അനാസ്ഥയാണെന്നും സംഭവത്തില്‍ കൃത്യമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.