ആല്‍ഫ പാലിയേറ്റീവ് കെയര്‍ തിരുവല്ല സെന്റര്‍ ഉദ്ഘാടനം ചെയ്തു
1487195
Sunday, December 15, 2024 4:28 AM IST
തിരുവല്ല: ആല്‍ഫ പാലിയേറ്റീവ് കെയര്‍ തിരുവല്ല സെന്ററിന്റെ ഉദ്ഘാടനം ജോയ് ഓഫ് ഹെല്‍പ്പിംഗ് യുഎസ്എ സ്ഥാപകന്‍ രമേഷ് ഷാ നിര്‍വഹിച്ചു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം. നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ് മുഖ്യാതിഥിയായിരുന്നു.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭ വിനു, വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ചാക്കോ, ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ അംഗം ചന്ദ്രമോഹന് നായർ, എംഎസ്ഐ ഇന്റര്‍നാഷണല്‍ സിഎസ്ആര്‍ ഹെഡ് ജാസ്മിന് ശര്‍മ, പ്രദീപ് ശര്‍മ തുടങ്ങിയവർ പ്രസംഗിച്ചു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ തിരുവല്ല സെന്റര്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ലാല്‍ നന്ദാവനം സ്വാഗതവും ട്രഷറര്‍ ജയകൃഷ്ണന് നന്ദിയും പറഞ്ഞു.
തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിനുകീഴില്‍ 2005 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ആല്‍ഫ പാലിയേറ്റീവ് കെയറിന്റ 23-ാമത് കേന്ദ്രമാണ് തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്തത്. ഓരോ നാട്ടിലെയും സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തിലും ഉടമസ്ഥതയിലും സ്വയംപര്യാപ്ത പാലിയേറ്റീവ് പരിചരണ കേന്ദ്രങ്ങളുണ്ടാക്കി രോഗബാധിതര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന മണിക്കൂറില്‍ സേവനമെത്തിക്കുക എന്നതാണ് ആല്‍ഫ പിന്തുടരുന്ന രീതി.
ഒക്ടോബറിലെ കണക്കനുസരിച്ച് 61,141 പേര്‍ക്ക് പരിചരണം നല്‍കിക്കഴിഞ്ഞു. നിലവില്‍ 10,283 പേര്‍ക്ക് പരിചരണം നല്‍കുകയും ചെയ്യുന്നു. കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാര്‍ധക്യം മൂലവും അപകടങ്ങള്‍ മൂലവും കിടപ്പിലായവര്‍ക്കു ഹോം കെയര്‍ സേവനവും അപകടങ്ങള്‍, സ്ട്രോക്ക് തുടങ്ങിയവ മൂലം ചലനശേഷി പരിമിതപ്പെട്ടവര്ക്കു പാലിയേറ്റീവ് ഫിസിയോതെറാപ്പി തുടങ്ങിയവയാണ് പ്രധാന സേവനങ്ങള്‍.
എല്ലാ സേവനങ്ങളും സൗജന്യമായാണ് നല്‍കുക. പൊതുജനങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള സംഭാവനകള്‍ സ്വീകരിച്ചാണ് ഇതു നിര്‍വഹിക്കുക.