കൊടുമണ്‍ റൈസിന് അരി ഇറക്കുന്നതിനിടെ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം
1487201
Sunday, December 15, 2024 4:28 AM IST
കൊടുമണ്‍: സിപിഎം മുന്‍ ഏരിയ സെക്രട്ടറി ചെയര്‍മാനായുള്ള കൊടുമണ്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയില്‍ അരി ഇറക്കുന്നത് സിഐടിയു നേതൃത്വത്തില്‍ തൊഴിലാളികള്‍ തടഞ്ഞു. യൂണിയന്‍കാരെ ഒഴിവാക്കി അരി ഇറക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കമ്പനിയുടെ നിയന്ത്രണത്തിലുള്ള കൊടുമണ്‍ റൈസിനു വേണ്ടിയുള്ള അരി സംഭരിക്കുന്നത് ഇടത്തിട്ടയിലുള്ള ഗോഡൗണിലാണ്.
ഇന്നലെ പതിവുപോലെ അരി ഇറക്കവേ സിഐടിയു നേതൃത്വത്തില്‍ തൊഴിലാളികള്‍ സംഘടിച്ചെത്തി തടയുകയായിരുന്നു. ഇതര തൊഴിലാളി സംഘടനകളില്‍പ്പെട്ടവരും ഒപ്പമുണ്ടായിരുന്നു. ഗോഡൗണില്‍ അരി ഇറക്കുന്നത് പതിവു തൊഴിലാളികളാണ്.
അംഗീകൃത തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാതിരിക്കേ തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെക്കൊണ്ട് ലോഡ് ഇറക്കാന്‍ അനുവദിക്കുന്നത് ശരിയല്ലെന്ന പേരില്‍ ഇവരെത്തി ബഹളംവച്ചു.
കമ്പനിയുടെ ചെയര്‍മാനായ സിപിഎം മുന്‍ ഏരിയ സെക്രട്ടറി കൂടിയായ എ.എന്‍. സലീമും യൂണിയന് പ്രവര്‍ത്തകരുമായി ഏറെനേരം സ്ഥലത്തു വാക്കേറ്റം നടന്നു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് കൊടുമണ്‍ പോലീസ് സ്ഥലത്തെത്തി. ഒടുവില്‍ തൊഴിലാളികള്‍ പിരിഞ്ഞുപോയതോടെയാണ് സംഘര്‍ഷാവസ്ഥ ഒഴിവായത്. ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുമെന്ന സിഐടിയു പ്രവര്‍ത്തകര്‍ പറഞ്ഞു.
എന്നാല്‍ രണ്ടു തവണ മാത്രമേ യൂണിയന് തൊഴിലാളികള്‍ അരി ഇറക്കിയിട്ടുള്ളൂവെന്നും കര്‍ഷകരാണ് ഇറക്കുന്നതെന്നും ചെയര്മാന് എ.എന്‍. സലിം പറഞ്ഞു. യൂണിയന് നേതൃത്വവുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.