വന്യജീവി ഭീഷണി; നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് കളക്ടര്‍
1572797
Friday, July 4, 2025 6:14 AM IST
കൊല്ലം : വന്യജീവി ഭീഷണിയും അനുബന്ധ സംഘര്‍ഷവും നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവകുപ്പുകളുടെ ഏകോപനത്തോടെ കൂടുതല്‍ ഉര്‍ജിതമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം.
മനുഷ്യ-വന്യജീവിസംഘര്‍ഷ ലഘൂകരണ - നിയന്ത്രണ സമിതിയുടെ ജില്ലാതലയോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടർ എന്‍. ദേവീദാസ് അധ്യക്ഷത വഹിച്ചു. വന്യജീവി ഭീഷണി നേരിടാൻ ബോധവത്കരണം നടത്താനും പ്രാദേശിക ജാഗ്രതസമിതികള്‍ പുന:സംഘടിപ്പിക്കാനും കളക്ടർ നിര്‍ദേശം നല്കി.
അതിവേഗപ്രതികരണ സംഘങ്ങള്‍ സജ്ജമാക്കാനും, ജനങ്ങൾക്ക് ബന്ധപ്പെടാനുള്ള കേന്ദ്രങ്ങൾ, പ്രാദേശികമായി ഭീഷണികൂടുതലുള്ള ഇടങ്ങള്‍ തുടങ്ങിയവ കണ്ടെത്തി അറിയിക്കാൻ തദേശസ്വയംഭരണസ്ഥാപന അധ്യക്ഷന്മാരെ ചുമതലപ്പെടുത്തി.
തദേശവാസികളില്‍ സന്നദ്ധരായവരെ ഉള്‍പ്പെടുത്തി പഞ്ചായത്തുകള്‍ പ്രാഥമിക പ്രതിരോധസേന സജ്ജമാക്കും. ജില്ലയില്‍ 22 സംഘങ്ങള്‍ ഇത്തരത്തിൽ രൂപീകരിച്ചു. വനാതിര്‍ത്തികളില്‍ അനധികൃത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. മൃഗങ്ങളെ ആകര്‍ഷിക്കുന്ന പൈനാപ്പിള്‍, കശുവണ്ടി, പ്ലാവ്, മാവ്, വാഴ എന്നിവയുടെ കൃഷി വനാതിര്‍ത്തികളില്‍ ഒഴിവാക്കണം. കൃഷി നാശനഷ്ടങ്ങള്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കൃഷിനാശം, അപകടമരണം, പരിക്ക് എന്നിവക്കായി 3.65 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.
വനത്തിനുള്ളില്‍ വന്യ മൃഗങ്ങൾക്ക് ഭക്ഷണ - ജലലഭ്യത ഉറപ്പാക്കാന്‍ 2024-25 സാമ്പത്തിക വര്‍ഷം വനം വകുപ്പ് ജില്ലയിലെ വനമേഖലയില്‍ 66 കുളങ്ങളും, 50 ബ്രഷ് വുഡ് തടയണകളും നിർമിച്ചിട്ടുണ്ട്. വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് തടയാന്‍ 2.5 കിലോമീറ്റര്‍ ആന കിടങ്ങുകളും, 52.62 കിലോമീറ്റര്‍ സൗരോര്‍ജ വേലികളും നിലവിലുണ്ട്.
ഇവ കൂടാതെ നബാര്‍ഡിന്റെ ധനസഹായത്തോടെ 17 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിംഗ്, 31.2 കിലോമീറ്റര്‍ തൂക്കുവേലി, 9.5 കിലോമീറ്റര്‍ ആന കിടങ്ങുകളുടെ നിര്‍മാണവും പുരോഗമിക്കുന്നുവെന്ന് സമിതി കണ്‍വീനർ അനില്‍ ആന്റണി വ്യക്തമാക്കി. കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ ആവശ്യമെങ്കില്‍ ഷൂട്ടര്‍മാരെ നിയോഗിച്ച് പരിഹരിക്കും. പാമ്പുകടി അപകടങ്ങള്‍ ഒഴിവാക്കാന്‍ 'സര്‍പ്പ' പദ്ധതി രൂപീകരിച്ച് 20 പേര്‍ക്ക് പരിശീലനം നല്കി.
പ്രഥമ ശുശ്രൂഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബോധവത്കരണ പരിപാടികള്‍ നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വനമേഖലയിലെ അനധികൃത മദ്യനിര്‍മാണം തടയാന്‍ എക്സൈസ് വകുപ്പ് നടപടി സ്വീകരികാണാമെന്നും യോഗം ആവശ്യപ്പെട്ടു.
വന്യജീവികള്‍ ഇറങ്ങുന്ന ആദിവാസിമേഖലയില്‍ ആരോഗ്യ പരിരക്ഷയും പാര്‍പ്പിടവും കൂടുതല്‍ മെച്ചപ്പെടുത്തണം. സംഘര്‍ഷ സാധ്യതാമേഖലകളില്‍ മാലിന്യസംസ്ക്കരണം ഉറപ്പാക്കണം. കാടുമൂടികിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകള്‍, ഉപേക്ഷിക്കപ്പെട്ട സ്വകാര്യ ഭൂമികള്‍ എന്നിവ വൃത്തിയാക്കാന്‍ ഉടമസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. വന ഭൂമി നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ പ്രയോജനപ്പെടുത്താമെന്നും ജില്ലാ കളക്ടര്‍ യോഗത്തിൽ പറഞ്ഞു.
എ ഡി എം.ജി. നിര്‍മല്‍ കുമാര്‍, പുനലൂര്‍ ഡിഎഫ് ഒ വൈ. എം. ഷാജികുമാര്‍, അച്ചന്‍കോവില്‍ ഡി എഫ്ഒ എസ്. അനീഷ്, മൃഗസംരക്ഷണം, ടൂറിസം, എക്സൈസ്, കൃഷി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.