കൊല്ലത്ത് 1.92 ലക്ഷം കുടുംബങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍; സംസ്ഥാനത്ത് നാലാമത്
1572798
Friday, July 4, 2025 6:14 AM IST
കൊല്ലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഈ സാമ്പത്തികവര്‍ഷം ജില്ലയില്‍ സൃഷ്ടിച്ചത് 24.59 ലക്ഷം തൊഴില്‍ദിനങ്ങള്‍ .
1.92 ലക്ഷം കുടുംബങ്ങള്‍ സജീവമായി തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തു വരികയാണ്. അവശ്യമേഖലകളിലെ ജോലികള്‍ യഥാസമയം നിര്‍വഹിക്കുന്നതിന് സഹായകമായ പ്രവര്‍ത്തനത്തിലൂടെ തൊഴില്‍ദിന മുന്നേറ്റത്തില്‍ സംസ്ഥാനത്ത് നാലാമതാണ് കൊല്ലം. 385.15 കോടി രൂപ ചെലവഴിച്ച് 96.41 ലക്ഷം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ഈ നേട്ടം കൊല്ലം സ്വന്തമാക്കിയത്. 323.86 കോടി രൂപ കൂലി ഇനത്തിലും, 46.58 കോടി രൂപ മെറ്റീരിയല്‍ ഇനത്തിലും ചെലവഴിച്ചു. 136743 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയതില്‍ 67281 കുടുംബങ്ങള്‍ 100 ദിനം പൂർത്തിയാക്കി.
ജില്ലയിലെ 25860 പട്ടികജാതി കുടുംബങ്ങള്‍ക്കും 1145 പട്ടിക വർഗ കുടുംബങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതിയിൽ തൊഴില്‍ നൽകാനായി. 19.18 ലക്ഷം തൊഴില്‍ദിനങ്ങള്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും 1.43 ലക്ഷം തൊഴില്‍ദിനങ്ങള്‍ പട്ടിക വർഗ കുടുംബങ്ങള്‍ക്കും ലഭിച്ചു. 13279 പട്ടികജാതി കുടുംബങ്ങളും 723 പട്ടികവര്‍ഗ കുടുംബങ്ങളും 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിച്ചു. 46.58 കോടി മെറ്റീരിയല്‍ ഇനത്തില്‍ ചിലവഴിച്ച് 417 കോണ്‍ക്രീറ്റ് റോഡുകള്‍, 41 കാര്‍ഷിക കുളങ്ങള്‍, 237 കന്നുകാലിതൊഴുത്തുകള്‍,
148 ആട്ടിന്‍കൂടുകള്‍, 140 കോഴിക്കൂടുകള്‍, 47 ജലസേചന കിണറുകള്‍, ആറ് എസ് എച്ച് ജി വര്‍ക്ക്ഷെഡുകള്‍, 11 അങ്കണവാടി കെട്ടിടങ്ങള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. ശുചിത്വമേഖലയുടെ വികസന ഭാഗമായി 986 സോക്ക് പിറ്റുകള്‍, 152 കമ്പോസ്റ്റ് പിറ്റുകള്‍, 37 അസോള ടാങ്കുകള്‍ എന്നിവ നിർമിച്ചു.
ആസ്തി നിര്‍മാണപ്രവര്‍ത്തനത്തിനും, നീര്‍ത്തടാടിസ്ഥാനത്തില്‍ മണ്ണ് - ജല സംരക്ഷണത്തിനും ഊന്നല്‍ നല്കിയുള്ളതായിരുന്നു പ്രവര്‍ത്തനങ്ങള്‍. കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലയില്‍ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും സാധിച്ചു.
2025-26 സാമ്പത്തിക വര്‍ഷം ജില്ലയില്‍ ഒരുകോടി ഒരുലക്ഷത്തി നാല്പത്തി ആറായിരം തൊഴില്‍ദിനങ്ങള്‍ ആവശ്യപ്പെട്ടു.
ഇതിനായി ഗ്രാമപഞ്ചായത്തുകള്‍ അംഗീകരിച്ച് തയാറാക്കിയ ലേബര്‍ ബജറ്റും ആക്ഷന്‍ പ്ലാനും ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തോടെ സംസ്ഥാന മിഷന് നൽകിയിരുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അംഗീകാരം 52.85 ലക്ഷം തൊഴില്‍ദിനങ്ങള്‍ക്ക് മാത്രമാണ് കിട്ടിയത്. എന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് ഡയറക്ടര്‍ ആര്.എസ്. അനു പറഞ്ഞു.