ഭക്ഷ്യസുരക്ഷയുടെ പേരിൽ നടക്കുന്ന പരിശോധനകൾ പ്രഹസനം
1572515
Thursday, July 3, 2025 5:37 AM IST
കൊല്ലം: കിഴക്കൻ മേഖലയിൽ അടക്കം ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും നടത്തുന്ന പരിശോധനകളൊക്കെ പ്രഹസനമാണെന്ന് പരാതി. പരിശോധന കഴിഞ്ഞു ഒരു നോട്ടിസും നൽകി മടങ്ങുന്നതല്ലാതെ തുടർ നടപടികൾ ഒന്നും ഉണ്ടാവാറില്ല.
കിഴക്കുംഭാഗം, കുമ്മിൾ കടയ്ക്കൽ, നിലമേൽ എന്നിവിടങ്ങളിൽ ഭക്ഷ്യ സാധനങ്ങളുടെ വിൽപന സംബന്ധിച്ച് ഉയരുന്ന പരാതികൾക്കൊന്നിനും പരിഹാരമില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസമാണ് ചിതറ കിഴക്കും ഭാഗത്തെ ഹോട്ടലിൽ നിന്നു വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തുന്നത്.
പരാതിയെ തുടർന്ന് എത്തിയ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പതിവ് പോലെ പരിശോധന നടത്തി. ബിരിയാണിയുടെ സാംപിൾ പരാതിക്കാരനിൽ നിന്ന് എടുക്കാൻ പോലും ഉദ്യോഗസ്ഥർ തയാറായില്ല. ഹോട്ടലിൽ പരിശോധന നടത്തിയ സംഘം ജീവനക്കാർക്ക് ഹെൽത്ത് കാർഡ് വേണമെന്ന് നിർദേശിച്ച് മടങ്ങുകയായിരുന്നു. കുപ്പിച്ചില്ല് കഴുത്തിൽ കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ടു സ്വദേശി സൂരജ് ആശുപത്രി ചികിത്സയിലാണ്.
പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ അന്വേഷണം മറ്റു പല വഴിക്കാണ് നീങ്ങിയത്. ഹോട്ടലിലെ ഹൈജീൻ മാനദണ്ഡങ്ങൾ, അവശിഷ്ടങ്ങൾ സൂക്ഷിക്കുന്നത്, ഭക്ഷ്യ സാധനകളുടെ ശുദ്ധി, തെറ്റായ പാചക സംവിധാനം, തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലായ്മ എന്നിവയിൽ അന്വേഷണം വഴിമാറി.കുമ്മിളിൽ കഴിഞ്ഞ ദിവസം 200 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടിയിരുന്നു.
നാട്ടുകാർ ഓട്ടോ തടഞ്ഞ് നിർത്തി പരിശോധിക്കുമ്പോഴാണ് ഇറച്ചി കണ്ടെത്തുന്നത്. ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തെങ്കിലും അനധികൃതമായി കോഴി ഇറച്ചി എത്തിച്ച കാര്യത്തിൽ ഒരു നടപടിയും എടുക്കാതെ കസ്റ്റഡിയിൽ എടുത്ത ആളെ വിട്ടയക്കുകയായിരുന്നു.
കടയ്ക്കൽ മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലും കുറ്റക്കാരെ രക്ഷിക്കുന്ന പതിവ് ശൈലി തന്നെയാണ് നടന്നത്. പരിശോധന നടത്തി പിടികൂടിയ അഴുകിയ മത്സ്യം കുഴിച്ചിട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പഴകിയ മത്സ്യ വിൽപന അവിടെ ഇപ്പോഴും പൊടിപൊടിക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
അടുത്ത ദിവസമാണ് നിലമേലിലെ ഒരു ഹോട്ടലിൽ ഉച്ച ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബത്തിന് അഴുകിയ മത്സ്യം വറുത്തത് നൽകുന്നത്. പരാതി പറഞ്ഞപ്പോൾ ആദ്യം നൽകിയ മത്സ്യം മാറ്റി മറ്റൊന്ന് നൽകി. ഇതും പഴയത് തന്നെ ആയിരുന്നു. സംഭവം സംബന്ധിച്ച് നിലമേൽ ആരോഗ്യ കേന്ദ്രത്തിൽ എത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും പരിശോധന നടത്തി താക്കീത് നൽകി ഉദ്യോഗസ്ഥർ ചെന്നപോലെ മടങ്ങി.
ബേക്കറിയിൽ നിന്നു വാങ്ങിയ ഷവർമയിൽ പുഴു കണ്ടെത്തിയ സംഭവം ഉണ്ടായതും കടക്കലിലാണ്. പരാതി ഉണ്ടായപ്പോൾ കടയ്ക്കൽ പള്ളിമുക്കിലെ ബേക്കറിയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി പതിവ് ശൈലിയിൽ നോട്ടിസ് നൽകി മടങ്ങുകയാണ് ചെയ്തത്.
പല പരാതികളിന്മേലും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എത്താറില്ലെന്നാണ് പ്രധാന പരാതി. പത്ര വാർത്തകളോ രാഷ്ട്രീയ സമ്മർദ്ദങ്ങളോ ഉണ്ടായാൽ ദിവസങ്ങൾ കഴിഞ്ഞു സാമ്പിൾ പോലും എടുക്കാൻ കഴിയാതെ പരിശോധന നടത്താനെന്ന പേരിൽ വന്നു മടങ്ങാറാണ് പതിവ്.