കടൽമണൽ ഖനനത്തിനെതിരെ കടലിൽ സംരക്ഷണ ശൃംഖല തീർത്തു
1512430
Sunday, February 9, 2025 5:44 AM IST
കൊല്ലം: കടൽമണൽ ഖനനത്തിനെതിരെ കടലിൽ സംരക്ഷണ ശൃംഖല തീർത്ത് തൊഴിലാളികൾ. നിയന്ത്രണമില്ലാതെ കടൽ വിഭവങ്ങൾ കോർപറേറ്റുകൾക്ക് യഥേഷ്ടം ചൂഷണംചെയ്യാൻ അവസരമൊരുക്കുന്ന പദ്ധതിക്കെതിരെ സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ
-സിഐടിയു നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ അഞ്ഞൂറോളം മീൻപിടിത്തയാനങ്ങളാണ് പ്രതിഷേധവുമായി കൊല്ലം തീരക്കടലിൽ അണിനിരന്നത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ ആരംഭിച്ച ശൃംഖലയിൽ കൊല്ലം കടപ്പുറം, നീണ്ടകര, അഴീക്കൽ, പുത്തൻതുറ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുൾപ്പെടെ മൂവായിരത്തിൽപ്പരം മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിന്റെ ഭാഗമായി. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു.
മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എംഎൽഎ, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിഅമ്മ, അനുബന്ധ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ, സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. വരദരാജൻ, ചിന്ത ജെറോം, ജില്ലാ കമ്മിറ്റി അംഗം വി.കെ. അനിരുദ്ധൻ,
സിഐടിയു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ്, മത്സ്യത്തൊഴിലാളി യൂണിയൻ -സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച്. ബേസിൽലാൽ, സെക്രട്ടറി എ. അനിരുദ്ധൻ, അനുബന്ധ മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എം. നസീർ, പി.ബി. സത്യദേവൻ, ജി. രാജദാസ്, ഐ.ഐ. ഹാരിസ്, സി. ഷാജി, കെ.കെ. രമേശൻ, പി.ആർ. രഞ്ജിത്ത്, ടോംസൻ ഗിൽബെർട്ട്, ബി. വേണു എന്നിവർ പ്രസംഗിച്ചു.