ലഹരി വിപത്തിനെതിരെ സാമൂഹിക ജാഗ്രത സൃഷ്ടിക്കണം: റവ. ഡോ. മിൽട്ടണ്‍ ജോർജ്
1486783
Friday, December 13, 2024 6:29 AM IST
കൊല്ലം: കേരള സമൂഹത്തെ അതീവഗുരുതരമായി ബാധിച്ച ലഹരി വിപത്തിനെതിരെ സാമൂഹിക ജാഗ്രത സൃഷ്ടിക്കണമെന്ന് മദ്യവിരുദ്ധ കമ്മീഷൻ ഡയറക്ടർ റവ. ഡോ. മിൽട്ടണ്‍ ജോർജ്.
കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിവിപത്തിന്റെ വ്യാപ്തിയും സങ്കീർണതയും സത്യസന്ധമായി വിലയിരുത്താതെയുളള ജനവിരുദ്ധ നയപരിപാടികൾ തിരുത്താൻ അധികാരികൾ തയാറാകണം.
ലഹരി ദുരന്തങ്ങളെ അർഹിക്കുന്ന രീതിയിൽ ചർച്ചചെയ്യാതെ അതിസമർഥമായി മറച്ചുവയ്ക്കുന്ന സംഘടിത ശ്രമങ്ങൾക്കിതിരെ ജനകീയ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സഭയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുളള കർമപരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കും. ജനവിരുദ്ധ മദ്യനയത്തിനും ലഹരിവിപത്തിനുമെതിരെയുളള പോരാട്ടങ്ങൾ ശക്തമാക്കാൻ പൊതുസമൂഹം ഒറ്റക്കെട്ടായി ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമിതി രൂപതാ പ്രസിഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. അമൽരാജ് ലഹരി വിരുദ്ധ സന്ദേശം നൽകി. ജനറൽ സെക്രട്ടറി എ.ജെ. ഡിക്രൂസ്, സിസ്റ്റർ ജെസീന, ഇഗ്നേഷ്യസ് സെറാഫിൻ, സിസ്റ്റർ മജസ്റ്റാ, ബി. സെബാസ്റ്റ്യൻ, മേഴ്സി യേശുദാസ്, സന്തോഷ് സേവ്യർ, നാൻസി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.