പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
1486781
Friday, December 13, 2024 6:20 AM IST
കൊല്ലം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജൻ ജൂണിയർ വനിതാ ഡോക്ടർക്കു മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി.
പാരിപ്പള്ളി പോലീസ് ഡോ. സെർബിൻ മുഹമ്മദിനെതിരെയാണ് കേസ് എടുത്തത്. കേസിൽ ഡോക്ടർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. മായാദേവി തള്ളിയത്.
പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ, പരാതിക്കാരിക്ക് വേണ്ടി അഡ്വ. അജ്മൽ കരുനാഗപ്പള്ളിഎന്നിവർ ഹാജരായി. കൊല്ലം മെഡിക്കൽ കോളജ് പ്രിൻസിപ്പലിനാണ് ആദ്യം പരാതി നൽകിയത്.
ആശുപത്രിയിലെ ഡോക്ടറുടെ മുറിയിൽ മദ്യം നൽകി പീഡിപ്പിക്കുവാൻ ശ്രമിച്ചു എന്നായിരിന്നു പരാതി. സംഭവത്തെതുടർന്ന് സെർബിൻ മുഹമ്മദിനെ സസ്പെൻഡ് ചെയ്തിരുന്നു. പോലീസിന് കൈമാറിയ പരാതിയിൽ ജൂണിയർ ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പരാതിക്കാരി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകുകയും ചെയ്തു.
മദ്യലഹരിയിലാണ് സെർബിൻ മുഹമ്മദിന്റെ പീഡനശ്രമമെന്നും പരാതിക്കാരി മൊഴിയിൽ പറയുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ ഡോ. സെർബിൻ മുഹമ്മദിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.