വൈദ്യുതി ചാർജ് വർധനവിനെതിരെ കേരള കോൺഗ്രസ് പ്രതിഷേധിച്ചു
1486780
Friday, December 13, 2024 6:20 AM IST
കൊല്ലം: വൈദ്യുതി ചാർജ് വർധനവിനിടയാക്കിയത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാനും മുൻഎംഎൽഎയുമായ ജോസഫ് എം. പുതുശേരി ആരോപിച്ചു.
അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരെ കേരള കോൺഗ്രസ് കൊല്ലം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഓഫീസിനു മുമ്പിൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അദാനിയിൽ നിന്നു വൈദ്യുതി വാങ്ങാനുള്ള പുതിയ കരാർ ഉണ്ടാക്കുന്നതിന് വേണ്ടി 25 വർഷവും 4.29 രൂപക്കു വൈദ്യുതി ലഭിക്കുന്ന ഉമ്മൻ ചാണ്ടി സർക്കാർ ഉണ്ടാക്കിയ ലാഭകരമായ കരാർ റദ്ദാക്കിയതു മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ചാർജ് വർധനവിന് കാരണമായത്.
ഏഴ് വർഷം കരാർ പ്രകാരം വൈദ്യുതി വാങ്ങിയിരുന്നു. ഈ കരാർ ബോർഡ് കരാർ റദ്ദാക്കിയ ശേഷം 4.29 രൂപയുടെ സ്ഥാനത്ത് ആറു മുതൽ 12 രൂപവരെ നിരക്കിലാണ് വൈദ്യുതി വാങ്ങിയത്.
പ്രതിദിനം 10 കോടിയുടെ നഷ്ടമാണ് ഇതുണ്ടാക്കിയത്. ഇതിന്റെ പാപഭാരം ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നതിനു പകരം ഇതിനുത്തരവാദികളായ ബോർഡ്, റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ, അനുമതി നൽകിയ മന്ത്രിയും ഉദ്യോഗസ്ഥരുമടക്കമുള്ളവരിൽനിന്ന് അധിക ബാധ്യത വന്ന തുക ഈടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. മാത്യു ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അബ്ദുൾ റഹ്മാൻ, കുളക്കട രാജു, വിശ്വജിത്ത്, കെ. അനിൽ, റോയി ഉമ്മൻ, ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, ബിജു മൈനാഗപ്പളളി, കുറ്റിയിൽ ശ്യാം, തേവളളി പുഷ്പൻ, മണലിൽ സുബൈർ, ഉഷാകുമാരി, ഗോകുലം സന്തോഷ്,
കോടിയാട്ട് ബാലകൃഷ്ണപിള്ള, രവി കുളത്തൂർ, ഗീതാ സുകുനാഥ്, മാങ്കോട് ഷാജഹാൻ, സ്റ്റാർസി രത്നാകരൻ, മൈലം സുശീലൻ, ഹരീഷ് മുളവന, സജി മുളളാക്കോണം, കുറ്റിയിൽ നാസർ, എ. ബ്രൂണോ, പെരുമൺ ഷാജി, അമ്പലത്തുംഭാഗം രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.