ചവറ ഉപജില്ലാ കലോത്സവത്തിന് നാളെ തിരിതെളിയും
1479783
Sunday, November 17, 2024 6:38 AM IST
ചവറ: ചവറ ഉപജില്ലാ കലോത്സവത്തിന് പന്മന വടക്കുംതല എസ് വിപിഎംഎച്ച്എസില് നാളെ അരങ്ങുണരും. വ്യാഴാഴ്ച കലോത്സവം സമാപിക്കുമെന്ന് ചവറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.കെ. അനിത, പബ്ലിസിറ്റി കണ്‍വീനര്‍ ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ അറിയിച്ചു.
നാളെ രാവിലെ 8.30-ന് ചാമ്പക്കടവില്‍ നിന്ന് ഘോഷയാത്ര. രാവിലെ 10-ന് സുജിത് വിജയന്‍പിള്ള എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അധ്യക്ഷനാവും.
ചലച്ചിത്ര നടന് നെല്‍സണ്‍ ശൂരനാട് കലാ ദീപം തെളിയിക്കും. കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ ചടങ്ങില്‍ മുഖ്യാതിഥിയാകും. ഉപ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 3500-ഓളം കുട്ടികള്‍ ഏഴ് വേദികളില്‍ തങ്ങളുടെ കലാ പ്രകടനം കാഴ്ച വെക്കും.
ക്രമസമാധാനത്തിനായി ചവറ പോലീസിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, അഗ്നി രക്ഷാസേന എന്നിവരുടെ സേവനം ലഭ്യമാക്കും.
പനയന്നാര്‍കാവ് ദേവീ ക്ഷേത്രത്തിലെ സദ്യാലയത്തിലാണ് ഭക്ഷണം ഒരുക്കുന്നത്. ചിത്രാ രചനാ, കഥാരചനാ മത്സരങ്ങളും സംസ്കൃത കലോത്സവ മത്സരങ്ങളും ആദ്യ ദിവസം നടക്കും.
കലോത്സവ വിഭവ സമാഹരണത്തിനുള്ള വണ്ടിയുടെ ഫ്ളാഗ് ഓഫ് നടന്നു.
സമാപന സമ്മേളനം എന്‍. കെ പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യും. പന്മന പഞ്ചായത്ത് പ്രസിഡന്റ് ഐ. ജയചിത്ര അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഥ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഗോപന് സമ്മാനം വിതരണം ചെയ്യും. ജനറല്‍ കണ്‍വീനര്‍ എ. അബ്ദുള്‍ ഷുക്കൂര്‍, മാനേജര്‍ മുരളീധരന്‍പിള്ള, പ്രോഗ്രാം കണ്‍വീനര്‍ എസ്. ഷൈന്‍കുമാര്‍ എന്നിവര്‍ പരിപാടികളെപ്പറ്റി വിശദീകരിച്ചു.