സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തണം: മന്ത്രി കെ.എന്‍. ബാലഗോപാല്‍
1479772
Sunday, November 17, 2024 6:30 AM IST
71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു
കൊല്ലം: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാളില്‍ സഹകരണ വകുപ്പും ജില്ലയിലെ സര്‍ക്കിള്‍ സഹകരണ യൂണിയനുകളും സംയുക്തമായി സംഘടിപ്പിച്ച 71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സഹകരണ മേഖലയെ നിലനിര്‍ത്തുന്നതിന് ധാരാളം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സഹകരണ പ്രസ്ഥാനം വഹിക്കുന്ന പങ്കും കരസ്ഥമാക്കിയ നേട്ടങ്ങളും ഈ വേദിയിലൂടെ ജനങ്ങളിലേക്ക് കൂടുതല്‍ വ്യക്തമായി എത്തിക്കാന്‍ സാധിക്കും.
അപൂര്‍വം ചില സ്ഥാപനങ്ങളില്‍ സംഭവിച്ച അഭിലഷണീയമല്ലാത്ത കാര്യങ്ങള്‍ പര്‍വതീകരിച്ച് സഹകരണ മേഖല മുഴുവന്‍ കുഴപ്പമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ സഹകാരികള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കണം. തെറ്റായ പ്രവണതകള്‍ ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രവര്‍ത്തനമാന്ദ്യം നേരിടുന്ന സഹകരണ സംഘങ്ങളെ പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. നൂതനമായ നിരവധി സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിന് സഹകരണ മേഖലയ്ക്ക് കഴിയും.
ലോകത്താകെയുള്ള സഹകരണ മേഖലയ്ക്ക് മാതൃകയാകാവുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെപ്പോലുള്ള സ്ഥാപനങ്ങളും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രികളും മറ്റും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രത്തില്‍ നിന്ന് ജെഡിസി, എച്ച്ഡിസി പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്ക് അവാര്‍ഡ്ദാനവും ജില്ലാ, താലൂക്ക്തല മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.
എം. മുകേഷ് എംഎല്‍എ അധ്യക്ഷനായി. സഹകരണസംഘം കൊല്ലം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം. അബ്ദുല്‍ ഹലീം സഹകരണ പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, സംസ്ഥാന സഹകരണ യൂണിയന് മാനേജിംഗ് കമ്മിറ്റി അംഗം കെ. രാജഗോപാല്‍, മുന്‍ എംപിയും എന്‍എസ് സഹകരണ ആശുപത്രി ചെയര്‍മാനുമായ പി. രാജേന്ദ്രന്,
കേരളബാങ്ക് ഡയറക്ടര്‍ അഡ്വ. ജി. ലാലു, കാപ്പെക്സ് ചെയര്മാന് ജി. ശിവശങ്കരപ്പിള്ള, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ വി.എസ്. ലളിതാംബികദേവി, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
'കേരള സഹകരണ നിയമ ഭേദഗതി 2023', 'സഹകരണ മേഖലയില്‍ ഐടി/ എഐയ്ക്കുള്ള സാധ്യതകളും വെല്ലുവിളികളും' എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. പി.എസ്.സി മുന്‍ ചെയര്മാന് എം. ഗംഗാധരക്കുറുപ്പ് മോഡറേറ്ററായി.