പുനര്‍ജനി പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ഇന്ന്
1479541
Saturday, November 16, 2024 6:55 AM IST
ചവറ: കാലാവസ്ഥാ വ്യതിയാന ദോഷഫലങ്ങളെ പ്രതിരോധിക്കാനും പരിസ്ഥിതി പുന:സ്ഥാപന പ്രവര്‍ത്തനത്തിൽ ശ്രദ്ധേയമായ പച്ചത്തുരുത്ത് പദ്ധതി കെഎംഎംഎല്ലിലും ഒരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം പൊന്മനയില് ഇന്ന് വൈകുന്നേരം ആറിന് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. ഡോ. സുജിത്ത് വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷനാകും. എന്‍.കെ. പ്രേമചന്ദ്രന് എംപി മുഖ്യാതിഥിയാകും.
ഹരിതകേരളം മിഷന്റെ ഏകോപനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഖനനം കഴിഞ്ഞ സ്ഥലങ്ങളില്‍ പരിസ്ഥിതി പുനഃ സ്ഥാപനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് 30 ഏക്കര്‍ സ്ഥലത്ത് കെഎംഎംഎല്‍ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് ഖനനം നടന്ന് ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്ത് ആരംഭിക്കുന്നത്. ഖനനം കഴിഞ്ഞ മണ്ണില്‍ ആവശ്യമായ വളം, ചകിരിച്ചോറ്, കരിയില തുടങ്ങിയവ ചേര്‍ത്ത് പാകപ്പെടുത്തിയാണ് തൈകള്‍ നടുക.
പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ വിദഗ്ധര്‍ പഠനം നടത്തിയാണ് അനുയോജ്യമായ വൃക്ഷ തൈകള്‍ തെരഞ്ഞെടുത്ത്. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളാണ് ഇതിലേറെയും. ഒപ്പം സംസ്ഥാന കശുവണ്ടി വികസന ഏജന്‍സിയില്‍ നിന്ന് പ്രദേശത്തിന് അനുയോജ്യമായ അത്യുല്പാദനശേഷിയുള്ള കശുമാവിന് തൈകളും വിവിധയിനം നാട്ടുമരങ്ങളുടെ തൈകളും വച്ചുപിടിപ്പിക്കും.
ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, പന്മന പഞ്ചായത്ത് പ്രസിഡന്റ് ഐ. ജയചിത്ര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.പി. സുധീഷ് കുമാര്‍, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, കെഎംഎംഎല്‍ മാനേജിംഗ് ഡയറക്ടര്‍ പി. പ്രദീപ്കുമാര്‍, ടി.പി. സുധാകരന്, സംസ്ഥാന കാഷ്യൂ വികസന ഏജന്‍സി ചെയര്മാന് കെ. ഷിരീഷ്, ഡോ. രാജേന്ദ്രപ്രസാദ്, എം.യു. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.