കുണ്ടറ പള്ളിമുക്ക്- ചിറ്റുമല റോഡ് പണി പൂർത്തിയാക്കണം - സിപിഐ
1479540
Saturday, November 16, 2024 6:55 AM IST
കുണ്ടറ: കുണ്ടറ പള്ളിമുക്കിൽ നിന്ന് ചിറ്റുമലയിലേയ്ക്കുള്ള റോഡ് കേരള റോഡ് ഫണ്ട് ബോർഡിന്റെ ചുമതലയിൽ നിർമാണം ആരംഭിച്ചിട്ട് ആറു വർഷത്തിലേറെയായി.
മെറ്റൽ വിരിക്കുക മാത്രമാണ് നടത്തിയത്. അവസാനഘട്ടത്തിലുള്ള ടാറിംഗ് നടത്തിയില്ല. സീബ്ര ലൈനുകൾ സ്ഥാപിക്കുക, വശങ്ങൾ തറയോടുകൾ പാകുക, റിഫ്ലക്ടറുകൾ സ്ഥാപിക്കുക എന്നിവയൊന്നും ചെയ്തിട്ടില്ല.
റോഡിന്റെ അറ്റകുറ്റപ്പണിക്കു മുന്പ് വെള്ളക്കെട്ട് ഇല്ലാതിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ മഴ പെയ്തു കഴിഞ്ഞാൽ വലിയ വെള്ളക്കെട്ട് ഉണ്ടാകുകയാണ്. വളവുകളെ സൂചിപ്പിക്കുന്ന ബോർഡുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല. ഇക്കാരണത്താൽ നിരന്തരം അപകടങ്ങൾ ഉണ്ടാക്കുന്നു. പലഭാഗങ്ങളിലും പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികൾ അപകടസാധ്യത വർധിപ്പിക്കുന്നു.
വലിയ വാഹനങ്ങൾ പോകുമ്പോൾ ഇരുചക്രവാഹനക്കാരും, കാൽനടയാത്രികരും അപകടത്തിൽപെടുന്നു. മുളവന പെട്രോൾ പമ്പിനടുത്ത് കട്ടകശേരിയിൽ റോഡിന്റെ വശത്ത് പാറയടുക്കിയതിൽ കൂടി മഴയാകുമ്പോൾ വെള്ളം ഒലിച്ചിറങ്ങുകയാണ്. അതിനാൽ പാറക്കെട്ട് തകരുമോ എന്ന ഭയത്തിലാണ് താമസക്കാർ.
പരാതി നൽകിയിട്ടും നടപടിയും സ്വീകരിച്ചിട്ടില്ല. പൊട്ടിമുക്കിൽ റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത നിലയിലാണ്.
അടിയന്തരമായി പണി തീർത്തില്ലെങ്കിൽ കിഫ്ബി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരം ആരംഭിക്കുമെന്ന് സിപിഐ കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ഗോപാലകൃഷ്ണൻ അറിയിച്ചു.