കുന്നിക്കോട് കൊലപാതകം : അച്ഛനും മകനും ജീവപര്യന്തം
1479275
Friday, November 15, 2024 6:18 AM IST
കൊട്ടാരക്കര: കുന്നിക്കോട് പച്ചിലവളവു കടുവാങ്കോട് വീട്ടിൽ അനിൽകുമാർ (35) നെ തലയ്ക്കടിച്ച് കൊന്നകേസിലെ പ്രതികളായ അച്ഛനും മകനും കൊട്ടാരക്കര എസ് സിഎസ്ടി കോടതി ജീവപര്യന്തം തടവിനും പിഴയും ശിക്ഷിച്ചു.
കുന്നിക്കോട് പച്ചിലവളവ് ആൽഫി ഭവനത്തിൽ ദമീജ് അഹമ്മദ്(28) പിതാവ് സലാഹുദീൻ (63) എന്നിവരാണ് പ്രതികൾ. സ്പെഷൽ എസ് സി എസ്ടി കോടതി ജഡ്ജി ജയകൃഷ്ണനാണ് ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
2022 സെപ്റ്റംബർ 17 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അനിൽകുമാറിന്റെ പറമ്പിലെ തേക്കിന്റെ ശിഖരങ്ങൾവെട്ടിമാറ്റുന്നതിനിടയ്ക്ക് ശിഖരം സലാഹുദീന്റെ പറമ്പിലേക്ക് വീണു.
ഇത് സംബന്ധിച്ച് തർക്കത്തിൻറെ തുടർച്ചയായി പുലർച്ചെ രണ്ടോടെ പ്രതികൾ മാരകായുധവുമായി അനിൽകുമാറിന്റെ വീട്ടിൽ കയറി തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
കുന്നിക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി ആയിരുന്ന ജി.ഡി വിജയകുമാർ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ തമിഴ്നാട് ഏർവാടിയിൽ നിന്നാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
പ്രതികളിൽ നിന്ന് ഈടാക്കുന്ന 50000 രൂപ വീതം വരുന്ന അനിൽകുമാറിന്റെ മാതാവിന് നൽകണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി.എസ്. സന്തോഷ്കുമാർ ഹാജരായി.