കെഎസ്ആർടിസി കൊറിയർ ജീവനക്കാരനോട് മാനുഷിക പരിഗണന കാണിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1479776
Sunday, November 17, 2024 6:30 AM IST
കൊല്ലം: കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോയിലെ കൊറിയർ ലോജിസ്റ്റിക് ജീവനക്കാരന് അമിതജോലിഭാരം അടിച്ചേല്പിച്ചെന്ന പരാതിയിൽ ജീവനക്കാരന്റെ സമ്മർദം ഒഴിവാക്കാൻ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി കോർപ്പറേഷൻ ചെയർമാൻ, എംഡിക്ക് നിർദേശം നൽകി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി രണ്ടാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ജോലി സമ്മർദം അനുഭവിക്കുന്നുവെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കെഎസ്ആർടിസി കമ്മീഷനെ അറിയിച്ചു. മകന്റെ അസുഖം കാരണം പരാതിക്കാരൻ 2024 മാർച്ച് 27 ന് ജോലി വിട്ടു. ആഹാരം കഴിക്കാനും പ്രാഥമികാവശ്യങ്ങൾക്കും സമയം അനുവദിച്ചില്ലെന്ന പരാതി അവാസ്തവമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ശാരീരിക ബുദ്ധിമുട്ട് കാരണം ജോലിയിൽ നിന്ന് ഒഴിവായ ദിവസം തന്നെ തന്റെ ജോലി നഷ്ടപ്പെട്ടതായി പരാതിക്കാരനായ കൊച്ചാലുമൂട് സ്വദേശി ആർ.ആനന്ദ് റെക്സ് കമ്മീഷനെ അറിയിച്ചു. തനിക്കൊപ്പം ജോലി ചെയ്തവർക്ക് പുനർനിയമനം നൽകിയതായി പരാതിക്കാരൻ അറിയിച്ചു.
എന്നാൽ പരാതിക്കാരന്റെ ജോലി നഷ്ടമായിട്ടില്ലെന്ന് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ കമ്മീഷനെ അറിയിച്ചു. പരാതിക്കാരനെ സർവീസിൽ തിരികെ എടുക്കുമെന്ന് പറഞ്ഞു.
പുനർനിയമനം നൽകുന്ന കാര്യത്തിൽ വേർതിരിവ് കാണിക്കുന്നത് നിയമ ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. 24 മണിക്കൂറും ജോലി ചെയ്യിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഉത്തരവിൽ പറയുന്നു.