പത്തനാപുരം ചിതൽ വെട്ടിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലികളിലൊന്ന് കൂട്ടിലായി
1479498
Saturday, November 16, 2024 6:43 AM IST
പത്തനാപുരം: ചിതൽവെട്ടിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന പുലികളിലൊന്ന് കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ് ഇന്നലെ പുലർച്ചെ മൂന്നരയോടെ പുലി അകപ്പെട്ടത്. അഞ്ച് വയസ് പ്രായമുള്ള പുലിയാണ് പിടിയിലായത്. വെറ്ററിനറി സർജൻ എത്തി പുലിയുടെ ആരോഗ്യനില പരിശോധിച്ചു. അതിനുശേഷം കക്കി വന മേഖലയിൽ പുലിയെ തുറന്നു വിടാനായി കൊണ്ടുപോയി.
ചിതൽവെട്ടി എസ്റ്റേറ്റിനുള്ളിലെ പൊരുന്തക്കുഴി വെട്ടിഅയ്യം കശുവണ്ടി എസ്റ്റേറ്റിനുള്ളിലാണ് കഴിഞ്ഞ മാസം നാട്ടുകാർ പുലിക്കൂട്ടങ്ങളെ കണ്ടത്. രണ്ട് വലിയ പുലികളും കുഞ്ഞുങ്ങളും ഉള്ളതായി പ്രദേശ വാസികൾ പറഞ്ഞിരുന്നു.
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ കശുമാവിൻ എസ്റ്റേറ്റ് ആണ് ഈ മേഖല യിലുള്ളത്. ഇവിടെനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് വനമേഖലയുള്ളത്. രണ്ട് പുലികൾ മാത്രമാണ് ഉള്ളതെന്നും ദൂരെ നിന്ന് കണ്ടതിനാലാണ് കുഞ്ഞുങ്ങൾ ഒപ്പമുണ്ടെന്ന് തോന്നിയതെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഇതേ തുടർന്ന് ആദ്യം ചിതൽവെട്ടി മേഖലയിൽ പുലി സാന്നിധ്യം തിരിച്ചറിയാൻ വനം വകുപ്പ് നീരിക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു .
ചിതൽവെട്ടി വെട്ടിഅയ്യം മേഖലയിൽ മൂന്ന് കാമറകളാണ് പത്തനാപുരം റെയ്ഞ്ചിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചത്. ദൃശ്യങ്ങളിൽ പുലി സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് ഒരാഴ്ച മുമ്പ് പുലിക്കൂട് സ്ഥാപിച്ചത്. ഇതിലാണ് പുലി കുടുങ്ങിയത്.
പുലി കൂട്ടിൽ ആയെങ്കിലും പ്രദേശവാസികളുടെ ഭീതി ഒഴിഞ്ഞിട്ടില്ല. എസ്എഫ്സികെയുടെ പത്തനാപുരം ചിതൽവെട്ടി എസ്റ്റേറ്റിന്റെ പല ഭാഗങ്ങളിലായി രണ്ടുമാസത്തിനിടെ പലതവണ പ്രദേശവാസികളും, തോട്ടം തൊഴിലാളികളും പുലിക്കൂട്ടത്തെ കണ്ടിരുന്നു. എസ്റ്റേറ്റിനുള്ളിലെ വെട്ടിഅയ്യം, തൊണ്ടിയാമൺ, ചിതൽവെട്ടി, സെന്റ് മേരീസ് നഗറിലെ ജനവാസ മേഖലയായ നെടുംപറമ്പ് തുടങ്ങിയ മേഖലകളിലാണ് പലപ്പോഴായി പുലിയെ കണ്ടത്.
തൊഴിലാളികൾക്ക് ജോലിക്ക് പോകുവാൻ പോലും കഴിയാത്ത തരത്തിൽ ഭീതിവളർത്തിക്കൊണ്ട് പകൽ സമയങ്ങളിലും പുലിക്കൂട്ടം കറങ്ങി നടക്കുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധം വർധിച്ചതോടെയാണ് വനം വകുപ്പ് അധികൃതർ വെട്ടിഅയ്യം ഭാഗത്ത് പുലിക്കൂട് സ്ഥാപിച്ചത്. ഒരു പുലി കൂട്ടിലായെങ്കിലും കൂട്ടത്തിൽ കൂടുതൽ പുലികൾ ഉണ്ടതായി പറയുന്നതിനാൽ പ്രദേശവാസികളുടേയും തൊഴിലാളികളുടേയും ഭീതി ഒഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിൽ പുലിക്കൂട് ഇവിടെയോ സമീപത്തെ മറ്റു സ്ഥലങ്ങളിലോ നിലനിർത്താനാണ് വനം വകുപ്പിന്റെ തീരുമാനം. കൂട്ടിലായ പുലിയെ കാണാൻ വിദൂരത്ത് നിന്നു പോലും ആൾക്കാർ പുലർച്ചെ മുതൽ സ്ഥലത്ത് എത്തുകയുണ്ടായി.