ആര്യങ്കാവ് സ്കൂൾ വിദ്യാർഥികൾ സൂചനാ ബോർഡുകൾ വൃത്തിയാക്കി
1479537
Saturday, November 16, 2024 6:55 AM IST
ആര്യങ്കാവ്: ആര്യങ്കാവ് മുതൽ പാലരുവി വരെയുള്ള സൂചനാ ബോർഡുകൾ കഴുകി വൃത്തിയാക്കി സെന്റ് മേരീസ് ഹൈസ്കൂളിലെ കുട്ടികളുടെ ശിശുദിനാഘോഷം മാതൃകയായി.
പൊതുമരാമത്ത് വകുപ്പ് സൂചനാ ബോർഡുകൾ വൃത്തിയാക്കാറില്ല. മലിനമായതോടെ സൂചനാ ബോർഡ് വായിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. മണ്ഡലകാലം ആരംഭിച്ചതോടെ തീർഥാടകർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ദിശാബോർഡുകൾ വൃത്തിയാക്കിയത്.
സ്ക്രൂ ഇളകി മാറി കിടന്ന സൂചനാ ബോർഡുകൾ വിദ്യാർഥികൾ നേരെയാക്കി സ്ഥാപിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി സ്കൂളിലെ വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ ആര്യങ്കാവ് സെന്റ് മേരീസ് പള്ളി വികാരിയും സ്കൂൾ മാനേജരുമായ ഫാ. ഫിലിപ്പ് തയ്യിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ ഷാനിൽ ജോസഫ്, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ ജോസഫ് തോമസ്, മറ്റ് അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.