അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
1479594
Saturday, November 16, 2024 10:25 PM IST
അഞ്ചൽ : അഞ്ചലിൽ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. അഞ്ചൽ പുത്തയം മൂന്നാറ്റുമൂല ഇല്ലികുളത്തുവിള വീട്ടിൽ കമാലുദീൻ (59) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ ഉച്ചയോടെ മരിച്ചത്.
കഴിഞ്ഞ മൂന്നിനു രാവിലെ ആറേകാലോടെയായിരുന്നു അപകടം. അഞ്ചൽ മുക്കട ജംഗ്ഷനിൽ ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്ന കമാലുദീൻ സ്റ്റാൻഡിൽ ഓട്ടോറിക്ഷ നിർത്തിയിട്ട ശേഷം സുഹൃത്തുമായി സംസാരിച്ചു നിൽക്കവേ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു.
തുടർന്നു ഗുരുതരാവസ്ഥയിലായ കമാലുദീനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിനു ശേഷം നിർത്താതെ പോയ കാർ രണ്ടുദിവസത്തിനുശേഷം ഉടമ തന്നെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. അടിമാലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കിയത്.
അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതിനും അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാതെയും അപകട വിവരം പോലീസിൽ അറിയിക്കാതെയും കടന്നു കളഞ്ഞതിനും പോലീസ് കേസെടുത്തിട്ടുണ്ട്.
അഞ്ചൽ പോലീസ് മേൽ നടപടികൾ സ്വീകരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നാളെ സംസ്കരിക്കും. ജുവൈരിയയാണ് ഭാര്യ. മക്കൾ: സബീല, സബീന, സലീന.