ശബരിമല തീര്‍ഥാടനം; വില ഏകീകരിച്ചു
1479034
Thursday, November 14, 2024 6:27 AM IST
കൊല്ലം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലെ ഭക്ഷ്യവസ്തുക്കള്‍ക്ക് വില ഏകീകരിച്ച് ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് ഉത്തരവിട്ടു.
പുനലൂര്‍ താലൂക്കിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി, ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, പത്തനാപുരം താലൂക്കിലെ പത്തനാപുരം ടൗണ്‍, പിറവന്തൂര്‍ പഞ്ചായത്ത് എന്നീ പ്രദേശങ്ങളടങ്ങിയ ഇടത്താവളങ്ങളിലുള്ളഹോട്ടലുകളിലെ സസ്യ ഭക്ഷണ സാധനങ്ങള്‍ക്കാണ് വില ഏകീകരിച്ചത്.
അമിതവില ഈടാക്കല്‍, അളവില്‍ കുറവ് നല്കല് എന്നിവയിലൂടെ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. വില നിശ്ചയിച്ച് പ്രസിദ്ധീകരിച്ച വിലവിവരപ്പട്ടിക പുനലൂര്‍, പത്തനാപുരം താലൂക്കിലെ ഇടത്താവളങ്ങള്‍ അടക്കമുള്ള തീര്‍ഥാടന പാതകളിലെ സ്റ്റാര്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബാര്‍ ഹോട്ടലുകള്‍ എന്നിവ ഒഴികയുള്ള ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ കാണത്തക്കവിധം ആറ് ഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.
നിശ്ചയിച്ച വിലനിലവാരം പ്രദര്ശിപ്പിക്കാത്തവര്ക്കെതിരേയും നിശ്ചിത വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരേയും നടപടികള്‍ സ്വീകരിക്കും.