തമിഴ്നാട് സർക്കാരിന്റെ ഉറപ്പ് : കേരളത്തിലെ മത്സ്യബന്ധന ബോട്ടുകളെ തടയില്ല
1479507
Saturday, November 16, 2024 6:43 AM IST
കൊല്ലം: കേരളത്തിലെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തമിഴ്നാട് തീരത്ത് മത്സ്യബന്ധനം നടത്തുന്നതിന് തടസം ഉണ്ടാക്കരുതെന്ന് കര്‍ശന നിര്‍ദേശം തമിഴ്നാട് ഗവണ്മെന്റ് നല്‍കിയിട്ടുണ്ടെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
തമിഴ്നാട് തീരത്ത് 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തിനപ്പുറം മത്സ്യബന്ധനം നടത്തുന്നതിന് കേരളത്തിലെ ഫിഷിംഗ് ബോട്ടുകളെ തടസപ്പെടുത്താതിരിക്കാനാണ് നിര്‍ദേശം നല്‍കിയത്.
കന്യാകുമാരി ജില്ലയിലെ മത്സ്യതൊഴിലാളികളുടെ സംഘടനകള്‍ക്കും മുട്ടത്തെ പ്രാദേശിക മത്സ്യതൊഴിലാളികള്‍ക്കും നിര്‍ദേശം നല്കാന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തമിഴ്നാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ മത്സ്യതൊഴിലാളികളെ മുട്ടത്ത് മത്സ്യബന്ധനത്തിന് തടസപ്പെടുത്തുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.
കേരളത്തിലെ മത്സ്യതൊഴിലാളികള്‍ക്ക് തമിഴ്നാട് മേഖലയില്‍ മത്സ്യബന്ധനം നടത്തുന്നതിന് മുട്ടം പ്രദേശത്തെ മത്സ്യതൊഴിലാളികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന തടസം ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കി മത്സ്യബന്ധനത്തിന് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു.
കത്തിന്മേല് തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടി പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യപ്രദാ സാഹു രേഖാമൂലം എന്‍.കെ. പ്രേമചന്ദ്രന് എംപിക്ക് നല്കിയ മറുപടിയിലാണ് വിവരം അറിയിച്ചത്.