സ്കൂള്‍ വളപ്പിലെ കിണറ്റില്‍ വീണ് ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്
1479284
Friday, November 15, 2024 6:18 AM IST
കൊല്ലം: ശിശുദിനത്തില്‍ സ്കൂള്‍ വളപ്പിലെ ആഴമേറിയ കിണറ്റില്‍ വീണ് ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കുന്നത്തൂര്‍ തുരുത്തിക്കര എംടി യുപി സ്കൂളില്‍ ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. കുന്നത്തൂര്‍ തുരുത്തിക്കര പുത്തന്‍ കെട്ടിടത്തില്‍ (താഴെ വിളയില്‍) ഫെബിന് (12) ആണ് കിണറ്റില്‍ വീണത്. തലയ്ക്ക് സാരമായി പരുക്കേറ്റ കുട്ടിയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന കുട്ടിയ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തതായാണ് വിവരം. രാവിലെ സ്കൂളിലെത്തിയ കുട്ടി കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ട് നില്‍ക്കേ പാചകപ്പുരയ്ക്ക് സമീപമുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.
കുട്ടികളുടെ കരച്ചില് കേട്ട് ഓടിയെത്തിയ സ്കൂള്‍ ജീവനക്കാരന് സിജു തോമസ് കിണറ്റിലിറങ്ങി ഫെബിനെ താങ്ങിയെടുത്ത് കിണറ്റില്‍ തന്നെ നിലയുറപ്പിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ശാസ്താംകോട്ട ഫയര്‍ഫോഴ്സ് ഇരുവരെയും പുറത്ത് എത്തിച്ച ശേഷം അവരുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കുട്ടി വീഴുമ്പോള്‍ കിണറിനു മുകളില്‍ മേല്മൂടി ഉണ്ടായിരുന്നില്ലെന്നും ആഹാരം തയാറാക്കാനായി വെള്ളമെടുക്കാന്‍ ഇവ മാറ്റിയിരുന്നതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു. അതിനിടെ നിരവധി കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ സുരക്ഷാ സംവിധാനങ്ങളിലെ പിഴവും അപാകതയുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാരുടെ ഭാഗത്തു നിന്നും പ്രതിഷേധവും ഉയര്‍ന്നു.
ആഴമേറിയ കിണറിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. കാലപ്പഴക്കം വന്ന തുരുമ്പിച്ച ഇരുമ്പ് നെറ്റും പ്ലാസ്റ്റിക് വലയുമാണ് കിണറിനു മുകളില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്നത്.
സ്കൂളിന്റെ പിറകിലായുള്ള ടോയ്ലറ്റുകളുടെ പരിസരം കാടുമൂടിയിട്ടും വൃത്തിയാക്കാന്‍ നടപടിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.