അവസാനിക്കാത്ത ജയൻ സ്മരണയ്ക്ക് 44 വയസ്
1479781
Sunday, November 17, 2024 6:30 AM IST
കൊല്ലം: മലയാള സിനിമാ ലോകത്തേയും പ്രത്യേകിച്ച് കൊല്ലത്തേയും ഞെട്ടിച്ച വിമാന അപകടത്തിന് ഇന്നലെ 44 വയസ് പിന്നിട്ടു. മലയാള സിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായി തിളങ്ങി നിന്ന കൊല്ലം തേവള്ളി ഓലയിൽ സ്വദേശിയായ ജയൻ എന്ന താരം അപ്രതീക്ഷിതമായി അസ്തമിച്ചത് 1980 നവംബർ 16നായിരുന്നു.
മദിരാശിയിലെ ഷോളവാരത്ത് കോളിളക്കം എന്ന സിനിമയുടെ അവസാന രംഗത്ത് ഹെലികോപ്റ്ററിൽ തൂങ്ങി കിടന്നുള്ള രംഗം ചിത്രീകരിക്കുമ്പോൾ കോപ്ടർ അപകടത്തിൽ അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുകയയിരുന്നു. ജയന് അന്ന് 41 വയസായിരുന്നു.
ഇന്ത്യൻ നേവിയിലെ 16 വർഷത്തെ സേവനത്തിന് ശേഷം 1974 ൽ ശാപമോക്ഷം എന്ന സിനിമയിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചില ചെറിയ വേഷങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ഇവയിൽ ഭൂരിഭാഗവും വില്ലൻ കഥാപാത്രങ്ങളുമായിരുന്നു. പിന്നീട് സിനിമയിൽ അവസരങ്ങൾ ഈ യുവ നടനെ തേടി എത്തുകയായിരുന്നു.
അഭിനയത്തിൽ എടുത്തു പറയാവുന്ന പ്രത്യേക ശൈലി കൊണ്ട് തന്റെ എല്ലാ കഥാപാത്രങ്ങളേയും മികവുറ്റതാക്കാൻ ജയന് കഴിഞ്ഞു. മിന്നി മറയുന്ന ചെറിയ വേഷങ്ങളിൽ പോലും പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.
മെയ്ക്കരുത്തും വഴക്കവും സംയോജിപ്പിച്ചുള്ള അഭിനയ ശൈലി ആയിരക്കണക്കിന് പ്രേക്ഷകരാണ് നെഞ്ചിലേറ്റിയത്. അതുവഴി അതിലേറെ ആരാധകരെ സാമ്പാദിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ശരീര സൗന്ദര്യമായിരുന്നു ഈ അഭിനേതാവിന്റെ ഏറ്റവും വലിയ മൂലധനം. അക്കാലത്ത് മലയാള സിനിമയിൽ നായകന്മാരിൽ ഒരാൾക്കുപോലും ഇല്ലാത്ത ശബ്ദഗാംഭീര്യത്തിന്റേയും ഉടമയായിരുന്നു. ശബ്ദത്തിലെ സ്വാഭാവികത ജയനെ ഏറെ വ്യത്യസ്തനാക്കുകയും ചെയ്തു.
അഭിനയത്തിൽ അതിസാഹസികതകളോട് അദ്ദേഹത്തിന് വലിയ പ്രണയവും അഭിനിവേശവുമായിരുന്നു. ഭയലേശമില്ലാതെയാണ് ഇത്തരം സന്ദർഭങ്ങളെ ജയൻ നിഷ്പ്രയാസം കൈകാര്യം ചെയ്തിരുന്നത്. അത്തരമൊരു സാഹസികത തന്നെയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെടാൻ കാരണമായതും.
ജീവിതമെന്ന അഭിനയത്തിന് ചെറുപ്പത്തിലേ തിരശീല വീണെങ്കിലും പൗരുഷത്തിന്റേയും സാഹസികതയുടേയും പ്രതീകമായി ഇന്നും ജയന് ജനമനസുകളിൽ പ്രത്യേക സ്ഥാനമാണുള്ളത്. 1974 മുതൽ 80 വരെയുള്ള ആറ് വർഷത്തിനിടയിൽ തമിഴ് അടക്കം 118 ചിത്രങ്ങളിൽ ജയൻ വേഷമിട്ടു.
ശാപമോക്ഷം മുതൽ കോളിളക്കം വരെയുള്ള ചിത്രങ്ങൾ ഹിറ്റുകളും സൂപ്പർ ഹിറ്റുകളുമായിരുന്നു. അങ്ങാടി എന്ന സിനിമയാണ് ജയന് ജനകീയ നടൻ എന്ന ഖ്യാതി നൽകിയത്. ഈ ചിത്രം മലയാള സിനിമയിലെ മുൻകാല കളക്ഷൻ റിക്കാർഡുകൾ പോലും തിരുത്തിക്കുറിക്കുകയുണ്ടായി.
ജയൻ പാടി അഭിനയിച്ച ചില സിനിമാ ഗാനങ്ങൾ ഇന്നും കേരളത്തിൽ ഹിറ്റുകളാണ്. അങ്ങാടി എന്ന സിനിമയിലെ ' കണ്ണും കണ്ണും...' , മനുഷ്യമൃഗം എന്ന ചിത്രത്തിലെ ' കസ്തൂരി മാൻ മിഴി...', ലവ് ഇൻ സിംഗപ്പൂർ എന്ന ചിത്രത്തിലെ ' ചാം ചാച്ചാ ചൂംചാച്ച...', എന്നിവയൊക്കെ മലയാളി എപ്പോഴും പാടി നടക്കുന്ന ഗാനങ്ങളാണ്.
ഇത്രയേറെ പ്രശസ്തനായെങ്കിലും കൊല്ലത്ത് അദ്ദേഹത്തിന് അർഹിക്കുന്ന ഉചിതമായ സ്മാരകം നിർമിക്കാൻ ഇപ്പോഴും ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ല.