അഞ്ചലില്‍ വീണ്ടും മോഷണം; 14 പവന് സ്വര്‍ണവും പണവും മോഷ്ടിച്ചു
1479504
Saturday, November 16, 2024 6:43 AM IST
അഞ്ചല്‍: അഞ്ചലില്‍ മോഷണ പരമ്പര. പട്ടണ നടുവിലെ തുണിക്കടയിലെ മോഷണത്തിന് പിന്നാലെ കുരുവിക്കോണത്ത് രണ്ടുവീടുകളില്‍ കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നു.
കുരുവിക്കോണം കളപ്പുരക്കൽ സണ്ണി ജോർജിന്റെ വീട്ടിൽ നിന്ന് 13 പവൻ സ്വർണമാണ് മോഷണം പോയത്. എല്ലാ മുറികളിലേയും കതകുകളും അലമാരകളും കുത്തിത്തുറന്നു. അലമാരയിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ട നിലയിലാണ്. സിസിടിവി കാമറകള്‍ നശിപ്പിക്കുകയും ഹാർഡു ഡിസ്കുകള്‍ മോഷ്ടാക്കള്‍ കടത്തുകയും ചെയ്തു.
വീടിന്റെ മുൻവശത്തെ ഗ്രില്ല് പൊളിച്ച് പ്രധാന വാതിൽ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഉടമസ്ഥർ വിദേശത്തായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
തൊട്ടടുത്ത് വൈഷ്ണവത്തിൽ മണിയുടെ വീട്ടിലും മോഷണം നടന്നു. അടുക്കള ഭാഗത്തെ ജനൽ പൊളിച്ച് വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. അവിടെ നിന്ന് ഒന്നര പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചു.
ഇവിടെയും ആൾത്താമസമുണ്ടായിരുന്നില്ല. ഉടമ ബാംഗ്ലൂരിലായിരുന്നു. സമീപവാസിയുടെ പുരയിടത്തിൽ ഉപേക്ഷിച്ച രീതിയിൽ കാമറയും ചെരുപ്പും കണ്ടതോടെ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടിൽ മോഷണം നടന്നതായി അറിഞ്ഞത്.
അഞ്ചല്‍ പോലീസ് അന്വേഷണം ആരംഭിച്ചു കൊല്ലത്ത് നിന്ന് വിരലടയാള വിദഗ്ധര്‍ ഉള്‍പ്പടെയെത്തി തെളിവുകള്‍ ശേഖരിക്കും. പട്ടണത്തിലെ തുണിക്കടയിലെ മോഷ്ടാവിനെ കഴിഞ്ഞ ദിവസം പിടികൂടിയതിന് പിന്നാലേ വീണ്ടും വലിയ മോഷണം നടന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.