ശബരിമല സ്പോട്ട്ബുക്കിംഗ് വേണം: അയ്യപ്പ സേവാസമാജം
1460179
Thursday, October 10, 2024 6:45 AM IST
കൊല്ലം: ശബരിമല തീർഥാടന കാലത്ത് പ്രതിദിനം 80,000 പേർക്കു മാത്രമേ ദർശനത്തിന് ബുക്കിംഗ് വഴി അംഗീകാരം നൽകൂവെന്ന കടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന്
ശബരിമല അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു.
ജമ്മുവിലെ വൈഷ്ണോദേവി, തമിഴ്നാട്ടിലെ പഴനി, ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനായി ബുക്കിംഗ് രീതിയുണ്ട്. ആ ക്ഷേത്രങ്ങളിലെ രീതി അതേപോലെ ശബരിമലയിൽ നടപ്പാക്കരുത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരു ദിവസത്തേക്ക് 80000 പേർക്ക് മാത്രമാണ് ദർശനാനുമതി നൽകാൻ തീരുമാനിച്ചത്. ഈ രീതി നടപ്പാക്കിയാൽ മണ്ഡലം മകരവിളക്ക് കാലത്ത് ക്ഷേത്രം തുറക്കുന്ന 65 ദിവസങ്ങളിലായി 52 ലക്ഷം പേർക്ക് മാത്രമാണ് ദർശനത്തിന് അവസരം ലഭിക്കുക. 2018 ന് മുൻപുള്ള കാലയളവിൽ ഒരു കോടിയിൽ അധികം അയ്യപ്പവിശ്വാസികളാണ് ശബരിമലയിൽ ദർശനത്തിനായി എത്തിയിരുന്നുത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ജില്ലാ സെക്രട്ടറി സുനിൽകുമാർ ആവശ്യപ്പെട്ടു.
പത്തോളം സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സ്പോട്ട് ബുക്കിംഗ് പൂർണമായും പിൻവലിച്ച തീരുമാനം പുനഃപരിശോധിച്ച് സ്പോട് ബുക്കിംഗ് കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണമെന്നും കുന്നത്തൂർ താലൂക്ക് സമിതിൽ നടന്ന യോഗത്തിൽ ആവശ്യമുയർന്നു. തെറ്റായ തീരുമാനങ്ങൾ പിൻവലിച്ചല്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാൻ ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എൻ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുനിൽ മങ്ങാട്, ഗോകുൽ മഠത്തിൽ എന്നിവർ പ്രസംഗിച്ചു.