അയത്തിൽ മേൽപ്പാലത്തിനടിയിലൂടെ ഗതാഗതം അനുവദിക്കണം
1454665
Friday, September 20, 2024 5:55 AM IST
കൊട്ടിയം: നിർമാണം പൂർത്തിയായ കൊല്ലം - ആയൂർ സംസ്ഥാന പാതയിൽ അയത്തിൽ ബൈപ്പാസ് ജംഗ്ഷനിലെ മേൽപ്പാലത്തിന്റെ അടിയിലൂടെ വാഹനങ്ങളെ കടത്തിവിടണമെന്ന ആവശ്യം ശക്തമാകുന്നു.
പാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തി വിടാത്തതിനാൽ വാഹനങ്ങൾക്ക് ഏറെദൂരം പോയി തിരിഞ്ഞു പോരേണ്ട സ്ഥിതിയാണുള്ളത്. നിലവിലെ ഗതാഗത രീതി സ്വകാര്യ ബസുകൾക്ക് ഉൾപ്പെടെ വലിയ നഷ്ടം ഉണ്ടാക്കുന്നു. ബസുകൾക്ക് അനുവദിച്ച സമയത്ത് ഓടിയെത്താൻ കഴിയുന്നില്ല.
കല്ലും താഴത്തെ പാലം നിർമാണം പൂർത്തിയായപ്പോൾ പാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. സംസ്ഥാന ഹൈവേയിൽ കണ്ണനല്ലൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബൈപ്പാസിലെ സർവീസ് റോഡിലൂടെ ഏറെ ദൂരം പോയി പെട്രോൾ പമ്പിനടുത്ത് നിന്ന് തിരിച്ചു പോകുകയാണ് ചെയ്യുന്നത്.
ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. ഗതാഗത നിയന്ത്രണത്തിനായി ഹോം ഗാർഡും ദേശീയപാത നിർമാണം കരാർ എടുത്ത കമ്പനി നിയമിച്ച മൂന്നുപേരും പോലീസും ഉണ്ട്.
പാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തിവിടണമെന്ന ആവശ്യം സ്വകാര്യ ബസ് ജീവനക്കാരും ഉന്നയിച്ചിട്ടുണ്ട്. പാലത്തിനടിയിലൂടെ വാഹനം കടത്തി വിട്ടാൽ ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കൊല്ലത്തുനിന്നും കണ്ണനല്ലൂരിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് സംസ്ഥാന ഹൈവേ വഴി പോകാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അയത്തിൽ നിസാം കരാർ കമ്പനി അധികൃതർക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി.