കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളി തിരുനാളിന് തുടക്കമായി
1454664
Friday, September 20, 2024 5:55 AM IST
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ പരിശുദ്ധ ഉപഹാര മാതാവിന്റെ കൊൺഫ്രിയ തിരുനാളിന് തുടക്കമായി. തിരുനാൾ 29 ന് സമാപിക്കും. തിരുനാൾ കൊടിയേറ്റ് കർമം ഇടവക വികാരി ഫാ. മിൽട്ടൻ ജോർജ് നിർവഹിച്ചു. തിരുനാൾ സമാരംഭ ദിവ്യബലിക്ക് മോൺ. വിൻസന്റ് മച്ചാഡോ മുഖ്യകാർമികത്വം വഹിച്ചു. ഫാ. എബിൻ പാപ്പച്ചൻ ഒഎഫ്എം വചനപ്രഘോഷണം നടത്തി.
ഫാ. പ്രേം ഹെൻട്രി, ഫാ. ജസ്റ്റിൻ ആന്റണി എന്നിവർ സഹകാർമികരായി. 24 ന് തിയ്യനാൾ ദിനത്തിൽ നടക്കുന്ന തിരുകർമങ്ങൾക്ക് ഫാ. ബേണി വർഗീസ് ഒഎഫ്എം മുഖ്യ കാർമികത്വം വഹിക്കും. 27 ന് രാവിലെ 6.30 മുതൽ ലത്തോർ പ്രദക്ഷിണം. വൈകുന്നേരം 4.30 ന് ദിവ്യബലിയ്ക്ക് ശേഷം ഭക്തിനിർഭരമായ കായൽ പ്രദക്ഷിണം നടക്കും.
28 ന് രാവിലെ ഏഴിന് ഇടവകയിലെ പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികൾക്ക് സ്വീകരണം നൽകും. തുടർന്ന് ഫാ. സെബാസ്റ്റ്യൻ തോബിയാസിന്റെ നേതൃത്വത്തിൽ ദിവ്യബലി ആരംഭിക്കും.
വൈകുന്നേരം 4. 30 ന് ദിവ്യബലിക്കുശേഷം പ്രദക്ഷിണം ആരംഭിക്കും. ശങ്കരമംഗലം വഴി തിരികെ ദേവാലയത്തിൽ എത്തിച്ചേരും. തിരുനാൾ ദിവസമായ 29 ന് രാവിലെ ആറിന് ദിവ്യബലി. രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ ദിവ്യബലിയ്ക്ക് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികത്വം വഹിക്കും.
തിരുനാളിനോട് അനുബന്ധിച്ച് രാവിലെ ആറിനും ഉച്ചയ്ക്ക് 12 നും വൈകുന്നേരം 4.30 നും ദിവ്യബലി ഉണ്ടായിരിക്കും. ലഹരി വിരുദ്ധ ബോധവൽക്കരണം, ജലഘോഷയാത്ര, ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് ടി എസ് കനാലിനു കുറുകെ ജങ്കാർ സർവീസ് ഒരുക്കിയിട്ടുണ്ടെന്ന് ഇടവക വികാരി ഫാ. മിൽട്ടൻ ജോർജ്, പ്രസുദേന്തി ജോസഫ് സ്റ്റീഫൻ, കൺവീനർ അജികുമാർ, ഇടവക കോഡിനേറ്റർ വർഗീസ് എം. കൊച്ചുപറമ്പിൽ, അജപാലന സമിതിയംഗം യോഹന്നാൻ ആന്റണി എന്നിവർ പറഞ്ഞു.