ഓണാഘോഷവും വാർഷികവും നടത്തി
1454101
Wednesday, September 18, 2024 6:05 AM IST
ചാത്തന്നൂർ : നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ 44-മത് വാർഷികവും ഓണാഘോഷവും വിവിധ കലാകായിക പരിപാടികളോടെ നടത്തി. ലൈബ്രറി പ്രസിഡന്റ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ നടയ്ക്കൽപ്രഭ പുരസ്കാരം മലയാള നാടകരംഗത്തെ മികച്ച സംഭാവനയ്ക്ക് നാടക സിനിമ സീരിയൽ രചയിതാവ് രാജൻ കിഴക്കനേലയ്ക്ക് സമ്മാനിച്ചു.
കേരള എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയവർ, കായികരംഗത്ത് ജില്ലാ സംസ്ഥാന വിജയികളായവർ, പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾ, കായിക പരിശീലകൻ ബിജു സരോജ എന്നിവരെ അനുമോദിച്ചു.
ലൈബ്രറി പഞ്ചായത്തുതല നേതൃസമിതി കൺവീനർ കെ. മുരളീധരകുറുപ്പ്, വാർഡ് മെമ്പർ മെഴ്സി, ലൈബ്രറി സെക്രട്ടറി ഗിരീഷ്കുമാർ നടയ്ക്കൽ, ഓണാഘോഷകമ്മിറ്റി കൺവീനർ ആർ.യു. രഞ്ജിത്, രതീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് എൻ.എൻ. പിള്ളയുടെ കുടുംബയോഗം എന്ന ഏകപാത്ര നാടകം അജയൻ ദൃശ്യ അവതരിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ഉൾപ്പെടുത്തി ഓണനിലാവ് എന്ന മെഗാഷോയും നടത്തി.
കിഴക്കേകല്ലട കവിത്രയ ഗ്രന്ഥശാലയിൽ
കുണ്ടറ: കിഴക്കേകല്ലട ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. ബാലവേദി പ്രസിഡന്റ് ഫെബിൻ ജോസ് പതാക ഉയർത്തി. അത്തപ്പൂക്കള മത്സരം, കായിക മത്സരങ്ങൾ, ഉറിയടി മത്സരം, വടംവലി മത്സരം, കലാ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഫെബിൻ ജോസ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.ആർ. ശ്രീജിത്ത്, പ്രസിഡന്റ് ബി. രഞ്ജിത്ത്, കെ. ഒ. പ്രസന്നൻ, ബാലവേദി സെക്രട്ടറി ഗൗതം ഗോപൻ, എസ്. അനന്തകൃഷ്ണൻ, എബിൻ ബിനോയ് എന്നിവർ പ്രസംഗിച്ചു.
ഗ്രന്ഥശാല യൂണിയൻ താലൂക്ക് ജോയിന്റ് സെക്രട്ടറി ജി. വേലായുധൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.