കുളത്തൂപ്പുഴ ഡീസന്റു മുക്കില്‍ കാട്ടാനക്കൂട്ടമെത്തി; നാട്ടുകാര്‍ ഭീതിയിൽ
1452194
Tuesday, September 10, 2024 5:48 AM IST
കുളത്തൂപ്പുഴ: ഡീസന്റു മുക്കില്‍ പ്രവര്‍ത്തിക്കുന്ന വനം വകുപ്പ് സെന്‍ട്രല്‍ നഴ്സറി തോട്ടത്തിനുള്ളില്‍ കാട്ടാനക്കൂട്ടമെത്തിയതോടെ നാട്ടുകാര്‍ ഭീതിയില്‍. സെന്‍ട്രല്‍ നഴ്സറിക്കുള്ളില്‍ വനപാലകര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ക്കും റേഞ്ച് ഓഫീസ് കെട്ടിത്തിനും ഏതാനും മീറ്റര്‍ മാത്രമകലെയാണ് നാലു കുട്ടികളും അഞ്ചു വലിയ ആനകളും അടങ്ങിയ കാട്ടാനക്കൂട്ടം വൈകുന്നേരത്തോടെയെത്തിയത്.
കഴിഞ്ഞ ഏതാനും ദിവസമായി പ്രദേശത്തെ വനത്തില്‍ കാട്ടാനക്കൂട്ടമുളളത് സമീപത്തെ ആദിവാസി കോളനിയിലേക്കുള്ള യാത്രക്കാര്‍ കണ്ടിരുന്നു. ഇവ നടന്ന് ജനവാസ മേഖലയോട് ചേര്‍ന്നുള്ള സെന്‍ട്രല്‍ നഴ്സറി തോട്ടത്തിലെത്തി.
ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകളും അമ്പലം വാര്‍ഡിലെ ജനങ്ങള്‍ താമസിക്കുന്ന ജനവാസ മേഖലയും അമ്പതേക്കര്‍ വനപാതയും ഏതാനും മീറ്ററുകള്‍ മാത്രം അകലത്തിലാണുളളത്.
തെങ്ങുകളും കവുങ്ങും വാഴയുമുള്ള ജനവാസ മേഖലയിലേക്ക് പ്രതിബന്ധങ്ങളില്ലാതെ കാട്ടാനകൾ എത്തിച്ചേരാനാകും. ഇത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വനപാലകര്‍ പറഞ്ഞു.