പുനലൂരിൽ പഴകിയ 50 കിലോ മത്സ്യം പിടിച്ചെടുത്തു
1443380
Friday, August 9, 2024 6:05 AM IST
പുനലൂർ: പൊതു വിപണിയിലെ സംയുക്ത പരിശോധനയിൽ പഴകിയ 50 കിലോയോളം മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. പുനലൂർ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി വകുപ്പുകൾ നഗരത്തിലെ വിവിധ മത്സ്യ, പച്ചക്കറി മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്.
മാർക്കറ്റിൽ വാഹനത്തിലെത്തിച്ചു വില്പനയ്ക്കു വച്ച മത്സ്യമാണ് ദിവസങ്ങൾ പഴക്കമുള്ളതാണെന്നു കണ്ടെത്തി നശിപ്പിച്ചത്. പലചരക്കു കടകളിലും ബേക്കറി, ഹോട്ടൽ എന്നിവിടങ്ങളിലും പരിശോധന നടത്തി.
ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരേ നടപടികൾ ഉണ്ടാകും. സപ്ലൈ ഓഫീസർ പി. ചിത്ര, ഭക്ഷ്യ സുരക്ഷാ ഓഫീസർ അരുൺകുമാർ, ലീഗൽ മെട്രോളജി ഓഫീസർ അബ്ദുൽ ഖാദർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ആർ. ശരത് ചന്ദ്രൻ, എസ്. ശ്രീലത, സാം വർഗീസ് ഉമ്മൻ എന്നിവർ നേതൃത്വം നൽകി.