പനി വ്യാപനം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എംപി കത്ത് നൽകി
1435879
Sunday, July 14, 2024 3:32 AM IST
കൊല്ലം: കൊല്ലത്ത് ഡെങ്കിപ്പനി, എച്ച് 1 എൻ 1 എന്നിവ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവർക്ക് കൊടിക്കുന്നിൽ സുരേഷ് എംപി കത്ത് നൽകി.
ഡെങ്കിപ്പനി വ്യാപനം തടയുന്നതിനും, രോഗബാധിതർക്കുള്ള ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ കൂടുതൽ കരുതലും പിന്തുണയും നൽകേണ്ടത് അനിവാര്യമാണ്. സർക്കാരിന്റെ അടിയന്തര ഇടപെടലും, ജില്ലയിലുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനവും ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നവ ആയിരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
ജില്ലയിൽ ഡെങ്കിപ്പനി നിയന്ത്രണത്തിനായി അടിയന്തര സഹായം ആവശ്യമാണ്. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.