ോവോ ട്ടിങ് മെഷീനിൽ ബാലറ്റ് ക്രമീകരണത്തിലെ അപാകത; യുഡിഎഫ് എതിർപ്പിനെ തുടർന്ന് നടപടി നിർത്തിവച്ചു
1417220
Thursday, April 18, 2024 11:33 PM IST
കൊല്ലം : ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് മെഷീനിൽ ബാലറ്റ് സെറ്റ് ചെയ്തു ബാലറ്റ് യൂണിറ്റ് കമ്മീഷൻ ചെയ്യുന്ന നടപടി യു ഡി എഫ് എതിർപ്പിനെ തുടർന്ന് നിർത്തിവച്ചു.
കൊല്ലം നിയോജകമണ്ഡലത്തിലെ ബാലറ്റ് സെറ്റിങ് സെന്റ് അലോഷ്യസ് സ്കൂളിൽ നടക്കുമ്പോഴാണ് യു ഡി എഫ് പ്രതിനിധികൾ ബാലറ്റിലെ എൻ.കെ പ്രേമചന്ദ്രന്റെ ചിഹ്നം മൺവെട്ടിയും മൺകോരിയും മറ്റ് ചിഹ്നങ്ങളെ അപേക്ഷിച്ചു ചെറുതായിട്ടും തെളിച്ചം കുറച്ചുമാണ് അച്ചടിച്ചിരിക്കുന്നതെന്ന് ആക്ഷേപം ഉന്നയിക്കുകയും സെറ്റിങ് പ്രക്രിയ ബഹിഷ്കരിച്ചു ഇറങ്ങിപോകുകയും ചെയ്തു.
വിവരം അറിഞ്ഞു തെരഞ്ഞെടുപ്പ് നിരീക്ഷകൻ അരവിന്ദ് പാൽ സിംഗ് സന്തു സ്കൂളിൽ എത്തുകയും പ്രേമചന്ദ്രന്റെ മുഖ്യ ഏജന്റ് എ.എ അസീസ്, യുഡിഎഫ് തെരഞ്ഞെടുപ്പ് കൊല്ലം നിയോജകമണ്ഡലം വർക്കിംഗ് ചെയർമാൻ പി.ആർ പ്രതാപചന്ദ്രൻ, ജനറൽ കൺവീനർ തേവള്ളി ആർ.സുനിൽ, കൺവീനർമാരായ ഡി. ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, കൃഷ്ണ വേണി ശർമ്മ എന്നിവരുമായി വിഷയം സംസാരിച്ചു.
തുടർന്ന് കൊല്ലം അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസറുമായി സംസാരിക്കുകയും ബാലറ്റ് കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചർച്ചയ്ക്ക് കളക്ടറുടെ ചേമ്പറിലേക്ക് വരുവാനും ആവശ്യപെട്ടു.
തുടർന്ന് കളക്ടറുടെ സാന്നിധ്യത്തിൽ യുഡിഎഫ് ലോക്സഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.എം .നസീർ, ജനറൽ കൺവീനർ കെഎസ് വേണ ുഗോപാൽ, എ.എ അസീസ്, അഡ്വ. കൈപ്പുഴ വി റാംമോഹൻ, പി.ആർ പ്രതാപചന്ദ്രൻ, തേവള്ളി ആർ. സുനിൽ, ഡി. ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, കൃഷ്ണവേണി ശർമ, ആനന്ദ് ബ്രഹ്മാനന്ദ്, മിനിഷ്യസ് ബെർണർഡ് തുടങ്ങിയവരുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലത്തിലും ബാലറ്റ് സെറ്റിംഗ് നിർത്തി വയ്ക്കാൻ തീരുമാനിച്ചു.
യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉച്ചകഴിഞ്ഞ് കളക്ടറുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരുകയും യുഡിഎഫ് പ്രതിനിധിയും തെരഞ്ഞെടുപ്പ് പ്രിന്റിംഗ് ചുമതലയുള്ള അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും തിരുവനന്തപുരം സർക്കാർ പ്രസ് സന്ദർശിച്ച് ആവശ്യമായ മാറ്റത്തോടെ പുതിയ ബാലറ്റ് അച്ചടിക്കുവാൻ തീരുമാനിച്ചു.