അന്ധനായ യുവാവിനേയും മാതാവിനേയും മർദിച്ച പ്രതി പോലീസ് പിടിയിൽ
1394105
Tuesday, February 20, 2024 5:06 AM IST
കൊല്ലം: മുൻവിരോധം മൂലം അന്ധനായ യുവാവിനേയും മാതാവിനേയും മർദിക്കുകയും മാനഹാനിപ്പെടുത്തുകയും ചെയ്ത പ്രതി പോലീസിന്റെ പിടിയിലായി. പാരിപ്പള്ളി ശ്രീരാമപുരം രാജീവ്ഗാന്ധി കോളനിയിൽ ഷമീർ മൻസിലിൽ വീട്ടിൽ ഷമീർ(44) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്.
ഇയാളുടെ മാതാവിനെ ഇയാൾ പതിവായി ഉപദ്രവിക്കുന്ന വിവരം പോലീസിൽ അറിയിച്ചതിലുള്ള മുൻവിരോധം നിമിത്തം ശനിയാഴ്ച രാത്രി ഏഴോടെ ഇയാൾ പാരിപ്പള്ളി സ്വദേശിയായ അന്ധനായ യുവാവിനേയും മാതാവിനേയും ഇവരുടെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.
യുവാവിന്റെ തലമുടിക്ക് കുത്തിപ്പിടിച്ച് മുഖത്തും മുതുകിലും മർദിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ശരീരത്തിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
യുവാവിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മാതാവിനേയും ഇയാൾ മർദിച്ച് പരിക്കേൽപ്പിക്കുകയും മാനഹാനിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
പാരിപ്പള്ളി ഇൻസ്പെക്ടർ കണ്ണന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സുബ്രമണ്യൻ പോറ്റി, ജയപ്രകാശ്, എഎസ്ഐ മാരായ ജയൻ, അനീഷ്, എസ് സിപിഓ സബിത്ത്, സിപിഓ പ്രബോധ് എന്നിവരടങ്ങിയ സംഘമാണ്് പ്രതിയെ അറസ്റ്റ് ചെയ്തത്.