സിബിഎല്‍ ചാമ്പ്യന്‍ഷിപ്പും പ്രസിഡന്റ്സ് ട്രോഫിയും വീയപുരം ചുണ്ടന്
1377195
Sunday, December 10, 2023 1:45 AM IST
കൊല്ലം : അഷ്ടമുടി കായലിനെയും ആയിരക്കണക്കിന് കാണികളെയും സാക്ഷിയാക്കി പ്രസിഡന്റ് സ് ട്രോഫിയും സി ബി എല്‍ കിരീടവും കരസ്ഥമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ജലവീരന് വീയപുരം ചുണ്ടന്. ദേശിംഗനാടിനെ ആവേശത്തിലാഴ്ത്തി ഒന്‍പതാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി ബി എല്‍) മൂന്നാം എഡിഷന്റെ ഫൈനലും കൊല്ലത്ത് അഷ്ടമുടിക്കായലില്‍ അരങ്ങേറി.
12 മത്സരങ്ങളില്‍ നിന്നായി 116 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് വീയപുരം ചുണ്ടന് ചാമ്പ്യന്മാരായത്. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് 109 പോയിന്റുമായി യുണൈറ്റഡ് ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടന് സി ബി എല്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനതെത്തി.89 പോയിന്റുകളുമായി കേരള പോലീസ് ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ മൂന്നാംസ്ഥാനതെത്തി.
ഫൈനല്‍ മത്സരത്തില്‍ 4.18 സെക്കന്‍ഡില്‍ ലക്ഷ്യസ്ഥാനത്തെത്തി വീയപുരം ചുണ്ടന് പ്രസിഡന്റ്സ് ട്രോഫി ഉറപ്പിച്ചപ്പോള്‍ .4.19 സെക്കന്‍ഡില്‍ ലക്ഷ്യസ്ഥാനത്ത് എത്തിയ പോലീസ് ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലും, 4.22 സെക്കന്‍ഡില്‍ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിച്ച പുന്നമട ബോട്ട് ക്ലബിന്റെ കാരിച്ചാല്‍ ചുണ്ടനും യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
മത്സരങ്ങളുടെ ഭാഗമായി വനിതകളുടെ മൂന്ന് വള്ളങ്ങള്‍ അടക്കം ഒന്‍പത് ചെറുവള്ളങ്ങളുടെ മത്സരവും നടന്നു. ചെറുവള്ളങ്ങള്‍ക്കിടയില്‍ ഇരുട്ടുകുത്തി ബി ഭാഗത്തില്‍ ഡാനിയലും , ഇരുട്ടുകുത്തി എ വിഭാഗത്തില്‍ മൂന്നുതൈക്കനും കരുത്ത് തെളിയിച്ചപ്പോള്‍ തെക്കനോടി വനിതകളുടെ മത്സരത്തില്‍ ദേവസ്ജേതാക്കളായി.
സി ബി എല്‍ ജേതാക്കള്‍ക്ക് 25 ലക്ഷമാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും ലഭിക്കും. പ്രസിഡന്റ്സ് ട്രോഫി ജേതാവിന് അഞ്ച് ലക്ഷം ആണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷവും വീതമാണ് സമ്മാനം.
അഷ്ടമുടിക്ക് ആവേശമായി ജലോത്സവം
കൊല്ലം: അഷ്ടമുടിക്കായലിന്റെ ഇരു കരകളിലും തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിനിർത്തി അരങ്ങേറിയ പ്രസിസന്റ് സ് ട്രോഫി ജലോത്സവം അക്ഷരാർഥത്തിൽ കൊല്ലത്തിന്റെ ദേശീയോത്സവമായി. തുഴച്ചിൽക്കാരുടെ താളവും വേഗവും കരുത്തും നേരിൽ കണ്ട് ആസ്വദിക്കാൻ അനേകായിരങ്ങളാണ് അഷ്ടമുടിയുടെ തീരത്ത് ഒഴുകിയെത്തിയത്.
പ്രസിഡന്റ് സ് ട്രോഫി ജലമാമാങ്കത്തിന് ഒപ്പം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഫൈനൽ മത്സരം കൂടി ആയപ്പോൾ കാണികൾക്ക് സംഘാടകർ സമ്മാനിച്ചത് ഇരട്ടിമധുരം. മഴ ചതിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നങ്കിലും ഉച്ചകഴിഞ്ഞുള്ള തെളിഞ്ഞ കാലാവസ്ഥ വള്ളംകളി പ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമായി.
പതിവുപോലെ നൂറുകണക്കിന് വിദേശികളും ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്ന് വിളിക്കുന്ന ജലോത്സവം കാണാൻ എത്തി. ഇന്നലെ ഉച്ച മുതൽ തന്നെ ജലമേള കാണാൻ അഷ്ടമുടിയുടെ തീരത്തേയ്ക്ക് കാണികൾ കൂട്ടത്തോടെ എത്തി. പിന്നീടത് ജനപ്രവാഹമായി മാറി. ജനകൂട്ടത്തെ നിയന്ത്രിക്കാൻ നിയമപാലകർ ഏറെ പണിപ്പെടുകയും ചെയ്തു.
മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തിയതോടെ ജലോത്സവത്തിന്റെ പ്രധാന ആകർഷണമായ മാസ് ഡില്ലിന് തുടക്കമായി. അടുക്കും ചിട്ടയോടും കൂടി നടന്ന മാസ് ഡ്രിൽ ഇക്കുറി ഏറെ ആകർഷകമായിരുന്നു. തുടർന്ന് ജലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എംപി നിർവഹിച്ചു. വ്യോമസേന ഭക്ഷണ എയർ കമാന്റിംഗ് ഇൻ ചീഫ് എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ജില്ലാ കളക്ടർ എൻ. ദേവിദാസ്, സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എസ്. പ്രമീള തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് വ്യോമസേനയുടെ നേതൃത്വത്തിൽ നടന്ന എയർഷോ ആയിരങ്ങൾക്ക് ദൃശ്യവിരുന്നൊരുക്കി. പ്രസിസന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനൊയൊരു ആകാശ പ്രകടനം അരങ്ങേറിയത്.ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഇക്കുറി ജലോത്സവത്തിൽ മാറ്റുരച്ചത്. ആയിരത്തിലധികം തുഴച്ചിൽക്കാരും ഇവയിൽ അണിചേർന്നു.മത്സരങ്ങളുടെ ഇടവേളകളിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കാനായി എന്നതായിരുന്നു ഇത്തവണത്തെ ജലോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സമ്മാനദാനവും സമാപന സമ്മേളനവും കൃത്യസമയത്ത് തന്നെ നടത്താനായി.
ജലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് കൊല്ലം നഗരത്തിൽ പോലീസ് ഇന്നലെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇത് വാഹനയാത്രികരെ കാര്യമായി ബാധിച്ചില്ല. വാഹന പാർക്കിംഗിന് ആശ്രാമം മൈതാനത്ത് പോലീസ് ക്രമീകരണങ്ങളും ഏർപ്പെടുത്തുകയുണ്ടായി.