ഗാന്ധിഭവന് ഏറ്റെടുത്ത യുവാവിനെ ബന്ധുക്കളെ കണ്ടെത്തി മടക്കി അയച്ചു
1374294
Wednesday, November 29, 2023 1:24 AM IST
പത്തനാപുരം: മാനസികാസ്വാസ്ഥ്യം ബാധിച്ച ഏതാണ്ട് മുപ്പതിനു മേല്‍ പ്രായം തോന്നിക്കുന്ന അന്യസംസ്ഥാന യുവാവിനെ എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് പുനലൂര്‍ റെയില്വേസ്റ്റേഷന് റോഡിനരികിലുള്ള മുളങ്കൂട്ടത്തിനിടയില്‍ നിന്ന് ഗാന്ധിഭവന് ഏറ്റെടുക്കുന്നത്.
ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ ദയനീയാവസ്ഥ പുനലൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബി. സുജാത ഗാന്ധിഭവന് സെക്രട്ടറിയെ അറിയിക്കുകയും ഗാന്ധിഭവന് ഏറ്റെടുക്കുകയുമായിരുന്നു.
ഗാന്ധിഭവനില്‍ നിന്ന് നല്കിയ ചികിത്സയിലും പരിചരണത്തിലും ആരോഗ്യാവസ്ഥ മെച്ചപ്പെടുകയും സുബോദ് കുമാര്‍ എന്നാണ് പേരെന്നും ബീഹാറാണ് സ്വദേശമെന്നും മനസിലാക്കാന്‍ സാധിച്ചു.
വീട്ടില്‍ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നുള്ള കൗണ്‍സിലിംഗില്‍ സുബോദ് സഹോദരന്റെ നമ്പര്‍ ഓര്‍ത്തെടുക്കുകയും ഗാന്ധിഭവന് അധികൃതര്‍ സഹോദരനുമായി ബന്ധപ്പെടുകയും ചെയ്തു. സഹോദരന് സുന്ദരേശ്വര്‍ ഗാന്ധിഭവനിലെത്തുകയും പത്തനാപുരം പോലീസില്‍ ഹാജരാക്കി സുബോദിനെ ജന്മനാടായ ബീഹാറിലേക്ക് വിട്ടയയ്ക്കുകയുമായിരുന്നു.