പത്തനാപുരം: ലോകത്ത് തന്നെ ആദ്യമായി അന്തേവാസികള്‍ക്കായി ജനാധിപത്യ വോട്ടിംഗ് സംവിധാനത്തിലൂടെ പഞ്ചായത്ത് ഭരണസമിതി രൂപീകരിച്ച അഭയകേന്ദ്രമാണ് ഗാന്ധിഭവനില്‍ 19-ാമത് പൊതു തെരഞ്ഞെടുപ്പ് നടന്നു.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആര്. ചന്ദ്രമോഹന്റെ നേതൃത്തില്‍ പ്രാവ് ചിഹ്നത്തിലുള്ള കാരുണ്യ മുന്നണിയും അഡ്വ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സൈക്കിള്‍ ചിഹ്നത്തിലുള്ള സ്നേഹമുന്നണിയുമാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്.
മീറ്റ് ദി കാന്‍ഡിഡേറ്റും, മുന്നണികളുടെ ശക്തിപ്രകടനവും, കലാശക്കൊട്ടുമൊക്കെ ഒരു പൊതു പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വീറും വാശിയും നല്കി. ഗാന്ധിഭവന്, ലുലുമന്ദിരം, സ്പെഷ്യല്‍ സ്കൂള്‍ എന്നിവിടങ്ങളിലായി പത്ത് പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിന് സജ്ജമാക്കിയത്.
കനത്ത മഴയെപ്പോലും അവഗണിച്ചാണ് വോട്ടെടുപ്പ് .പല ബൂത്തുകളിലും വോട്ടിംഗിനായി നീണ്ട ക്യു കാണാമായിരുന്നു. ഗാന്ധിഭവനില്‍ കഴിഞ്ഞുവരുന്ന ടി.പി. മാധവന്, ശ്രീലങ്കന്‍ കുടുംബാംഗങ്ങള്‍, സേവനപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ വോട്ട് രേഖപ്പെടുത്തി.
തുടർന്ന് സ്നേഹമന്ദിര്‍ ഓഡിറ്റോറിയത്തിലായിരുന്നു വോട്ടെണ്ണല്‍. ഇഞ്ചാടിഞ്ചുള്ള പോരാട്ട ഫലമാണ് പുറത്തുവന്നത്. നോട്ടയും അസാധുവുമൊക്കെ താരതമ്യേന കുറവായിരുന്നു. ഇരുമുന്നണികളില്‍ നിന്നും ആര്. ചന്ദ്രമോഹന്, രാജന്, രാജമ്മ ചെങ്ങന്നൂര്‍, ബിന്‍സി മാത്യു, കൃഷ്ണകുമാര്‍, പ്രഭാവതി, റെയ്ച്ചല്‍, ഷൗക്കത്തലി, പരമേശ്വര അയ്യര്‍, ചിത്രലേഖ എന്നിവര്‍ വിജയിച്ചു. ഇലക്ഷന് കമ്മീഷണര്‍ എം.ടി. ബാവ, ഇലക്ഷന് എക്സിക്യൂട്ടീവ് ഓഫീസര്‍ വിന്‍സെന്റ് ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇലക്ഷന് നടപടിക്രമങ്ങള്‍.
തെരഞ്ഞെടുപ്പിലെ വിജയികളെ ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജനും ഭാരവാഹികളും ചേര്‍ന്ന് ഹാരാര്‍പ്പണംനടത്തി പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് വിജയികള്‍ ഗാന്ധിഭവനില്‍ ആഹ്ളാദ പ്രകടനം നടത്തി.
നാളെ ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പുതിയ ഭരണസമിതി അധികാരമേല്‍ക്കും.