ബിവറേജസ് ഔട്ട് ലെറ്റിൽ നിന്ന് മദ്യകുപ്പികൾ മോഷ്ടിച്ചുകടത്തി
1339526
Sunday, October 1, 2023 12:59 AM IST
കരുനാഗപ്പള്ളി : മാളിയേക്കൽ ജംഗ്ഷനിലെ ബിവറേജസ് ഔട്ട് ലറ്റിൽ മോഷണം. മുൻവശത്തെ ഷട്ടർ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മദ്യകുപ്പികൾ കടത്തികൊണ്ട് പോയി. പണം അപഹരിക്കാൻ കഴിഞ്ഞിട്ടില്ല. 24 കുപ്പി വിദേശമദ്യം, ഏഴ് കുപ്പി ബിയർ, ഒരുകുപ്പി വൈൻ എന്നിവയാണ് മോഷണം പോയത്.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം പുലർച്ചെ 2.45 ഓടെ നാല് അംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്. ഔട്ട് ലെറ്റിന്റെപിന്നിൽ കൂടി കടന്ന് വന്ന് മുഖം മറച്ച് രണ്ട് സിസിടിവി കൾ തകർത്ത ശേഷമാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
ഷട്ടറിന്റെ പൂട്ട് തകർത്താണ് അകത്ത് കടന്നത്.ഇതിന് മുമ്പായി ഇരുമ്പ് ചൂൽ ഉപയോഗിച്ച് രണ്ട് കാമറകൾ നശിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രധാന ദൃശ്യങ്ങൾ പകർത്തിയ കാമറ തകർക്കാനുള്ള ശ്രമം നടന്നില്ല. ഫയലുകളും മറ്റും സൂക്ഷിച്ചിരുന്ന അലമാരയും മേശകളും വാരിവലിച്ചിട്ട നിലയിലാണ്.
സമീപത്തെ ഗോഡൗണിലെ ജീവനക്കാരാണ് രാവിലെ ഷട്ടർ തുറന്ന് കിട്ടക്കുന്നത് കണ്ടത്.തുടർന്ന് കരുനാഗപ്പള്ളി പോലീസും ഡോഗ് സ്ക്വാഡും ഉൾപ്പടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.