ഓച്ചിറയിലെ കാളകെട്ട് ഉത്സവം: നാളെ ഗതാഗത നിയന്ത്രണം
1338018
Sunday, September 24, 2023 11:13 PM IST
കൊല്ലം: ഓച്ചിറയിലെ കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് ഗതാഗത തടസം ഒഴിവാക്കാൻ കർശന നിയന്ത്രണവുമായി പോലീസ്.
ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതുമൂലം മുൻ വർഷങ്ങളിലക്കാൾ വലിയതോതിൽ ഗതാഗത തടസം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കെട്ടുത്സവത്തിന്റെ മുന്നോടിയായി സിറ്റി പോലീസ് കമീഷണർ മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.
കാളകെട്ടുത്സവം നടക്കുന്ന നാളെ രാവിലെ 11 മുതൽ രാത്രി ഒന്ന് വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ആലപ്പുഴയിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ കായംകുളത്തുനിന്നും കിഴക്കോട്ട് തിരിഞ്ഞ് കെപി റോഡ് വഴി ചൂനാട്, മണപ്പള്ളി വഴി പുതിയകാവിലെത്തി കരുനാഗപ്പള്ളിയിലേയ്ക്ക് പോകേണ്ടതും കൊല്ലം ഭാഗത്തുനിന്ന് വടക്കോട്ടുവരുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് വെള്ളനാതുരുത്ത് പാലം കടന്ന് അഴീക്കൽവഴി കായംകുളത്ത് പ്രവേശിക്കേണ്ടതുമാണ്.
തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ഹെവി ലോംഗ് ചെയ്സ് കണ്ടയ്നർ വാഹനങ്ങൾ കൊട്ടിയത്തുനിന്ന് തിരിഞ്ഞ് കണ്ണനല്ലൂർ, കുണ്ടറ, കൊട്ടാരക്കര വഴി എംസി റോഡിലെത്തി പോകണം.
അത്യാവശ്യ സന്ദർഭത്തിൽ ഉപയോഗിക്കാൻ സ്ട്രൈക്കിംഗ് ഫോഴ്സിനെ നിയോഗിക്കും. ആലപ്പുഴ, കൊല്ലം, പോലീസ് യോജിച്ചായിരിക്കും നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപ്പിക്കുക.