കൊല്ലം ബീച്ചില്‍ കടലോര മാലിന്യ സര്‍വേ സംഘടിപ്പിച്ചു
1301401
Friday, June 9, 2023 11:05 PM IST
കൊല്ലം: കേരള സര്‍വകലാശാലയിലെ അക്വാട്ടിക്ക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം, ഫിഷറീസ് വകുപ്പ്, ശ്രീ നാരായണ കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക സമുദ്ര ദിനത്തില്‍ കൊല്ലം ബീച്ചില്‍ സമഗ്ര സമുദ്ര മാലിന്യ സര്‍വേ നടത്തി. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. പരിസ്ഥിതിക സന്തുലനാവസ്ഥയ്ക്ക് സമുദ്രങ്ങള്‍ മാലിന്യ മുക്തമാക്കേണ്ടതുണ്ടെന്ന് മേയര്‍ പറഞ്ഞു.
സമുദ്രങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനും സമുദ്ര ജൈവ വൈവിധ്യങ്ങളുടെ കൃത്യമായ വിവര ശേഖരണവും പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ അമിത ഉപയോഗമൂലം ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
കേരള സര്‍വകലാശാല യൂറോപ്യന്‍ യൂണിയന്റെ ഇറാസ്മസ് പദ്ധതിയുടെ ധനസഹായത്തോടെ നടത്തുന്ന ഇക്കോമറൈന്‍ പ്രോജക്ടിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സര്‍വേക്കായി 1600 ചതുരശ്ര മീറ്ററില്‍ നിന്ന് ശേഖരിച്ച 150 കിലോയോളം കടലോര മാലിന്യങ്ങള്‍ ശാസ്ത്രീയമായി തരംതിരിച്ച് കണക്കെടുത്തതിനുശേഷം ഹരിത കര്‍മസേനയ്ക്ക് കൈമാറി.
നഗരസഭ പള്ളിത്തോട്ടം കൗണ്‍സിലര്‍ എന്‍ ടോമി പ്രസംഗിച്ചു. അക്വാട്ടിക് ബയോളജി വിഭാഗം അസി. പ്രഫ.പ്രമോദ് കിരണ്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
എസ് എന്‍ കോളജ് സുവോളജി വകുപ്പിലെ വിദ്യാര്‍ഥികളും അധ്യാപകരും സര്‍വേയില്‍ പങ്കെടുത്തു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആര്യ, ഫിഷറീസ് ഉദ്യോഗസ്ഥര്‍, നഗരസഭാ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ഹരിതകര്‍മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ സര്‍വേക്ക് നേതൃത്വം നല്കി.