പേ വിഷബാധയേറ്റ് പ്രവാസിയായ യുവാവ് മരിച്ചു
1300888
Wednesday, June 7, 2023 11:18 PM IST
പുനലൂർ: പേ വിഷബാധയേറ്റ് പ്രവാസിയായ യുവാവ് മരിച്ചു. ഇടമൺ പുലരിയിൽ വട്ടവിള വീട്ടിൽ അജേഷ് സദാനന്ദൻ (37) ആണ് മരിച്ചത്. ഗൾഫിലായിരുന്ന യുവാവ് നാട്ടിലെത്തി തിരുവനന്തപുരത്ത് താമസിക്കുന്നതിനിടെ ആറ് മാസം മുമ്പ് വളർത്തുനായയുടെ കടിയേറ്റേങ്കിലും പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല.
ഇടമണ്ണിൽ വീട് പണിയുമായി ബന്ധപ്പെട്ട് നാല് ദിവസം മുമ്പ് എത്തിയതാണ്. യുവാവ് കഴിഞ്ഞ ദിവസം അസ്വസ്ഥത കാട്ടിയതിനെ തുടർന്ന് ബന്ധു പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചു. പരിശോധനക്കായി ഡോക്ടറുടെ മുറിയിൽ എത്തിയപ്പോൾ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് അക്രമാസക്തനായി. ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രിയിൽ യുവാവിനെ പരിചരിച്ച ഡോക്ടർ ഉൾപ്പെടെ പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടിവന്നു.
മത്സ്യത്തൊഴിലാളിയെ
കടലിൽ കാണാതായി
കൊല്ലം: ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയെ കാണാതായി. പരവൂർ പൊഴിക്കര ചില്ലയ്ക്കൽ സ്വദേശി അയൂബിനെ (50) യാണ് കാണാതായത്.
ഇയാൾ ഇന്നലെ പുലർച്ചെ ഒന്നിനാണ് മുക്കം ഭാഗത്തു നിന്ന് വള്ളത്തിൽ കടലിൽ പോയത്. ഉൾക്കടലിൽ വച്ച് വള്ളം മറിഞ്ഞ് അപകടം ഉണ്ടായതായാണ് വിവരം. ഇദ്ദേഹത്തിന്റെ വള്ളവും വലയും കടലിൽ നിന്ന് കണ്ടെടുത്തു. അയൂബിനായി മത്സ്യതൊഴിലാളികൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വിവരം അറിഞ്ഞ് പരവൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. കോസ്റ്റ് ഗാർഡിനെയും മറൈൻ എൻഫോഴ്സ്മെന്റിനെയും വിവരം അറിയിച്ചിട്ടുണ്ട്.