ആശ്രാമം ജൈവവൈവിധ്യ പാര്ക്കിന് സാമ്പത്തിക സഹായം നല്‍കും: മന്ത്രി
1300636
Tuesday, June 6, 2023 11:42 PM IST
കൊല്ലം: ആശ്രാമം മൈതാനിയില്‍ വിഭാവനം ചെയ്ത ജൈവവൈവിധ്യ പാര്ക്കിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍.
വനം-വന്യജീവി വകുപ്പ്, സമൂഹ്യവനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനാചാരണം ജില്ലാതല ഉദ്ഘാടനം ആശ്രാമം മൈതാനിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ മുഖമുദ്രയായി ആശ്രാമം ജൈവവൈവിധ്യപാര്‍ക്ക് മാറും. നാടന്‍ ഫലവൃക്ഷങ്ങളും സസ്യങ്ങളും കൂടുതല്‍ ഉള്‍പെടുത്തിയാകും ജൈവവൈവിധ്യ പാര്‍ക്ക് സ്ഥാപിക്കുക. സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും.
ആശ്രാമം മൈതാനവും ബീച്ചും ഉള്‍പ്പെടുത്തി സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ട്രാക്ക് ഉള്‍പ്പടെ പരിഗണിക്കും. 2050ല്‍ കേരളത്തില്‍ പൂര്‍ണമായും കാര്‍ബണ്‍ എമിഷന്‍ ഒഴിവാക്കാനാകും.
പരിസ്ഥിതിക്ക് വലിയ ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കണം. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് അടിഞ്ഞു കൂടുന്നത് തടയണം. സമൂഹത്തില്‍ പാരിസ്ഥിതിക ബോധം വളര്‍ത്തുന്നതില്‍ വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തില്‍ ജില്ല മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. ശാസ്ത്രീയമായ രീതിയിലാകണം പരിസ്ഥിതി സംരക്ഷണ നടപടികള്‍ നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. പരിസ്ഥിതി വിനാശം രൂക്ഷമായ കാലത്താണ് നമ്മള് ജീവിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണം. തദ്ദേശ സ്ഥാപനങ്ങളും ഹരിതകര്‍മസേനയും ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര് കമലാഹര്‍, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എ പി സുനില്‍ബാബു, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി ജി അനില്‍കുമാര്‍, എസ്പിസി കേഡറ്റുകള്‍, സ്കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.