നിയമവിരുദ്ധമായി ഈടാക്കിയ നികുതി പരവൂർ നഗരസഭ കുറവ് ചെയ്തു
1299318
Thursday, June 1, 2023 11:13 PM IST
ചാത്തന്നൂർ: നിയമ വിരുദ്ധമായി കെട്ടിടനികുതി ഈടാക്കിയ പരവൂർ നഗരസഭയ്ക്ക് അധികമായി ഈടാക്കിയ തുക കുറവ് ചെയ്തു കൊടുക്കേണ്ടി വന്നു.
നിയമ വിരുദ്ധമായി കെട്ടിട നികുതി ഈടാക്കുന്നതിനെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുകയും നിയമ വഴികൾ സ്വീകരിക്കുകയും ചെയ്തവർക്കാണ് അധിക നികുതി തുക കുറവ് ചെയ്തു കൊടുത്തത്. ഇനിയും നൂറു കണക്കിന് പേർക്ക് അധികമായി ഈടാക്കിയ തുക കുറവ് ചെയ്ത് കൊടുക്കാനുണ്ട്. അവർ പരാതികളുന്നയിച്ചില്ലെങ്കിൽ നഗരസഭ നിസംഗത പാലിക്കാനാണ് സാധ്യത.
പഴയ കെട്ടിടങ്ങളോട് ചേർന്ന് പുതിയ നിർമിതിയോ കൂട്ടി ചേർക്കലോ പുതിയതായി നടത്തിയവരിൽ നിന്നാണ് നിയമ വിരുദ്ധമായി കെട്ടിട നികുതി ഈടാക്കിയത്. പഴയ കെട്ടിടങ്ങൾക്ക് പഴയ നിരക്കിലും കൂട്ടി ചേർത്തതോ അല്ലാതെയുമുള്ള നിർമിതികൾക്ക് പുതിയ നിരക്കിലും നികുതി ഈടാക്കണമെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ 2015 ഡിസംബർ 16-ന്റെ ഉത്തരവ്. ഇതിന് വിരുദ്ധമായി പുതിയ കൂട്ടി ചേർക്കലോ നിർമിതിയോ നടത്തിയ എല്ലാ കെട്ടിടങ്ങൾക്കും പുതിയ കെട്ടിടങ്ങൾക്കുള്ള നികുതിയാണ് പരവൂർ നഗരസഭ ഈടാക്കുന്നത്. ഈ നിയമ വിരുദ്ധ നികുതി പിരിവിനെക്കുറിച്ച് കഴിഞ്ഞ ജനുവരിയിൽ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
കെട്ടിടം ഉടമകൾ ആദ്യം നല്കിയ പരാതികളും വിവരാവകാശ നിയമപ്രകാരം നല്കിയ കത്തുകളും നഗരസഭ അവഗണിക്കുകയായിരുന്നു. പിന്നീട് പരാതിക്കാർ നിയമ വഴികൾ സ്വീകരിച്ചു തുടങ്ങിയതറിഞ്ഞാണ് നഗരസഭ നിയമ വിരുദ്ധമായി ഈടാക്കിയ തുക കുറച്ചു നല്കിയത്.
പരാതിക്കാർക്ക് മാത്രമാണ് ഇതുവരെ നികുതി തുക കുറച്ചു നല്കിയിട്ടുള്ളത്. ഇതേക്കുറിച്ച് അജ്ഞതയുള്ളവരോ, പരാതി നല്കാത്തവരോ ആയ കെട്ടിടം ഉടമകൾക്ക് നികുതി തുക കുറച്ചു നല്കിയിട്ടില്ല. ജനങ്ങളിൽ നിന്നും പരമാവധി തുക നികുതിയായി കൊള്ളയടിക്കുക എന്നതാണ് യുഡിഎഫും എൽഡിഎഫും ചേർന്ന് ഭരിക്കുന്ന പരവൂർനഗരസഭയുടെ നയം. രണ്ടു മുന്നണികളും ഭരണത്തിൽ പങ്കാളികളായതിനാൽ, ഉദ്യോഗസ്ഥരുടെ ക്രമവിരുദ്ധ നിയമ വിരുദ്ധ നടപടികൾ ഇരുമുന്നണികളും കണ്ടില്ലെന്ന് നടിക്കുകയാണ് രീതി.
പരവൂർ നഗരസഭയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന പരവൂർ സ്വദേശിനിയായ ഒരു ഉദ്യോഗസ്ഥയുടെ കെട്ടിടത്തിന് വളരെ കുറഞ്ഞ തുകനികുതി നിശ്ചയിച്ചിട്ടുള്ളതും ഇപ്പോൾ വിവാദമായിരിക്കയാണ്.